ഗസ്സയെക്കുറിച്ച് ഒന്നും എഴുതാതി രിക്കാനാണ് ശ്രമിച്ചത്. സ്വന്തം സുഖ സൗകര്യങ്ങളുടെ ശീതളഛായയിലിരുന്ന് പലസ്തീനികളുടെ പോരാട്ടത്തെ കുറിച്ചും ഷഹാദത്തിനെ കുറിച്ചുമൊക്കെ പുളകം കൊള്ളുന്നതു പോലും വലിയ കാപട്യമായിട്ടാണ് എനിക്ക് തോന്നിയത്. ഹാരറ്റ്സ് ദിനപത്രത്തിൽ ഇസ്രാഈലി ചിന്തകനായ യുവാൻ ഹരീരി എഴുതിയ ഒരു ലേഖനത്തിന്റെ വിവർത്തനം മാത്രമാണ് ഈ വിഷയത്തിൽ ആകെ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ഏതാണ്ട് ഒരു വർഷം മുമ്പ് ഹരീരി എഴുതിയ ആ ലേഖനത്തിന്റെ കാതൽ ഇസ്രായേൽ അതിന്റെ അനിവാര്യമായ പതനത്തിലേക്ക് നടന്നടുക്കുന്നു എന്നതായിരുന്നു.

ഇന്ന്, മനുഷ്യസാധ്യമായ എല്ലാ വിലയിരുത്തലുകൾക്കുമപ്പുറത്തുള്ള ഒരു അസാധ്യ ജനതയാണ് തങ്ങളെന്ന് ഗസ്സക്കാർ സ്വയം തെളിയിച്ചിരിക്കുന്നു.

തീർത്തും ഇസ്രാഈലി പക്ഷപാതികളായ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു ഗസ്സയിലെ സാഹചര്യങ്ങൾ.

പക്ഷെ, 2023 ഒക്ടോബർ 7 നാണ് ചരിത്രം തുടങ്ങിയത് എന്ന മട്ടിലാണ് പൊതുവെ എല്ലാ വിലയിരുത്തലുകളും.

ഒക്ടോബർ ഏഴിലെ ഹമാസ് അക്രമണത്തിന് തൊട്ടു മുമ്പ് ഏതാണ്ട് 200 പേരും 2025 ജനുവരിയിലെ വെടിനിർത്തൽ നിലവിൽ വന്ന ശേഷം മാത്രം നൂറിലധികം പലസ്തീനികളും ഇസ്രാഈലി പട്ടാളത്തിന്റെ അക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന സത്യം മാത്രം മതി അവിടെ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ.

മുഖ്യധാര ചിന്തകരിൽ നിന്ന് എന്നും വേറിട്ടു നിന്ന പങ്കജ് മിശ്രയുടെ ഇതിനകം പുറത്തിറങ്ങിയ എല്ലാ നോൺഫിക്ഷന്കളും ആർത്തിയോടെയാണ് വായിച്ചിട്ടുള്ളത്. മിശ്രയുടെ Ruins of the empire, Age of anger, Bland fanatics എന്നിവയൊക്കെ വായിക്കുകയും ആസ്വാദന കുറിപ്പുകൾ എഴുതുകയും ചെയ്തിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം ‘The world after Gaza’ വലിയ പ്രതീക്ഷകളോടെയാണ് കയ്യിലെടുത്തത്. പക്ഷെ ഇത്തവണ മിശ്ര വല്ലാതെ നിരാശപ്പെടുത്തി.

സയണിസത്തിന്റെ വംശീയ പശ്ചാതല ത്തെക്കുറിച്ചും അതിന് ആധുനിക യൂറോപ്പ് നൽകിയ കലവറയില്ലാത്ത പിന്തുണയുമൊക്കെ പൊതുവെ അറിയപ്പെടുന്ന വസ്തുതകൾ തന്നെയാണ്. അതിന്റെ തുടർച്ച തന്നെയാണ് ഗസ്സയിലെ വംശഹത്യക്ക് ലോകരാജ്യങ്ങൾ നൽകിയ പിന്തുണയും. വംശഹത്യക്ക് ആശയ പിന്തുണയും ആയുധവും നൽകി സഹായിച്ച ഇന്തയിലെ ഹിന്ദുത്വ ഭരണകൂടത്തേയും മിശ്ര പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

പക്ഷെ, താൻ വായിച്ച പുസ്തകങ്ങളിൽ നിന്ന് സമൃദ്ധമായി ഉദ്ധരിക്കുകയല്ലാതെ സ്വന്തമായ നിരീക്ഷണങ്ങൾ കാര്യമായൊന്നും പുസ്തകത്തിൽ ഇല്ല.

ഗസ്സ എന്ന പേര് പോലും അപൂ ർവ്വമായേ പരാമർശിക്കപ്പെടുന്നുള്ളൂ.

പുസ്തകത്തിന്റെ തലക്കെട്ടിനോട് നീതി പുലർത്തുന്ന ഒന്നും പുസ്തകത്തിലില്ല! ഗസ്സ യുദ്ധത്തിന് ശേഷമുള്ള ലോകത്തെ കുറിച്ച് ആഴമുള്ള നിരീക്ഷണങ്ങൾ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് തിരക്കിട്ട് പുസ്തകം വാങ്ങിയത്. പക്ഷെ അത്തരത്തിലുള്ള ഒന്നും പുസ്തകത്തിലില്ല.

ഒരേ സമയം നാസി ജർമനിയെയും ഇസ്രായേലിനെയും ആരാധിക്കുന്ന തീവ്ര ദേശീയവാദികളുടെ കുടുംബത്തിലാണ് താൻ വളർന്നതെന്ന് മിശ്ര പറയുന്നുണ്ട്. പിന്നീട് യുറോപ്പിൽ എത്തിയ ശേഷമാണു തിരിച്ചറിവുകൾ ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.

ഇസ്രായേലിനെ ഒരു റോൾ മോഡൽ ആയി കൊണ്ടുനടക്കുന്ന ഇന്ത്യൻ തീവ്ര ദേശീയവാദികളുടെ വംശീയതയെ കുറിച്ച് മിശ്ര ഇതിനു മുൻപും താക്കീത് നൽകിയിട്ടുണ്ട്. ആയുധത്തിനും രാഷ്ട്രീയത്തിനുമപ്പുറത്ത് അഗാധമായ ബന്ധം ഹിന്ദുത്വവാദികളും സയണിസ്റ്റുകളും തമ്മിൽ ഉണ്ട്. ഇസ്രായേൽ മോഡൽ ബുൾഡോസർ രാജ് ഇന്ത്യയിൽ വ്യാപകമാവുന്നതൊന്നും വെറും യ്ദൃശ്ചികതകളല്ല. വിഖ്യാത ഫ്രഞ്ച് എഴുത്തുകാരനായ ക്രിസ്റ്റഫി ജാ ഫർലോയുടെ ‘Modi’s India’ എന്ന പുസ്തകത്തിലും അപകടകരമായ ഈ പ്രവണതയെ കുറിച്ച് താക്കീത് നൽകുന്നുണ്ട്.

ഹോളോകോസ്റ്റിനെ വിമർശിക്കുന്നത് പോലും നിയമപരമായി കുറ്റമായി കാണുന്നവരാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളും. യൂറോപ്പിൽ ജീവിച്ചുകൊണ്ട് ഇതരത്തിലൊരു ഗ്രന്ഥം രചിക്കാൻ ശർമ കാണിച്ച ധീരത ശ്ലാഘിക്കപ്പെടേണ്ടതാണ്. അതിന്റെ ‘ഫലങ്ങൾ’ അദ്ദേഹം ഇതിനകം തന്നെ അനുഭവിച്ചു തുടങ്ങിയിട്ടുമുണ്ട്.

ജൂതന്മാരെ നിർദയം കൊന്നൊടുക്കിയ ആന്റി സെമിറ്റിക് യൂറോപ്പിൽ നിന്ന് ജൂത പ്രേമം ആയുധമാക്കുന്ന philosemitisism ആണ് ഇന്ന് യൂറോപ്പിന്റെ മുഖ്യധാര എന്ന് ശർമ സമർഥിക്കുന്നു.

എന്നാൽ, ലോകത്തെ സകല അന്താരാഷ്ട്ര നിയമങ്ങളെയും സ്ഥാപനങ്ങളെയും നോക്കു കുത്തിയാക്കി രണ്ട് തെമ്മാടി രാഷ്ട്രങ്ങൾ ചേർന്ന് നടത്തുന്ന നരമേധ രാഷ്ട്രീയത്തെ ചോദ്യംചെയ്യുന്ന ഒരു തലമുറ യൂറോപ്പിൽ വളർന്നു വരുന്നു എന്നത് പ്രതീക്ഷക്ക് വക നൽകുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു.

“A widening circle of young western as well as non-Western citizens level the charge that Israel is a cruel settler- colonialist and Jewish supremacist regime supported by far-right Western politicians and fellow-travelling liberals” എന്നാണ് ശർമ അതെ ക്കുറിച്ചു നിരീക്ഷിക്കുന്നത്.

സെലബ്രിറ്റികളുടെ എൻഡോർസ്മെന്റ് വായിച്ച് വെളുക്കാനുള്ള ക്രീം മാത്രമല്ല, പുസ്തകം പോലും വാങ്ങിക്കരുതെന്ന് ഒരിക്കൽകൂടി ബോധ്യപ്പെട്ടു എന്നതാണ് പുസ്തകം വായിച്ചു തീർന്നപ്പോൾ എനിക്ക് തോന്നിയത്.

Tags: