അജ്ഞാത കാരണങ്ങളാൽ മഞ്ഞ നിറത്തോട് പ്രണയാതുരമായ ഒരു ഇഷ്ടം മുമ്പേ ഉണ്ട്. അത് കൊണ്ട് അതിസുന്ദരന്മാരായ ഇന്ത്യൻ ഗോൾഡൻ ഓറിയോൾ പക്ഷികളെ എവിടെ കണ്ടാലും അറിയാതെ നോക്കിനിന്നുപോകും. തിളക്കമുള്ള മഞ്ഞയും കടുംകറുപ്പും കലർന്ന തൂവലിനു പുറമെ ചുവന്നു തുടുത്ത ചുണ്ടുകളും ഇവയുടെ സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്നു. പൊന്നുംകുടത്തിനിന്തിനാ പൊട്ട് എന്ന് ആരും ചോദിച്ചു പോവും!

ചടുലമായി പറന്നു നടക്കുന്ന ഓറിയോളിന്റെ ഒരു ഫുൾ സ്പ്രെഡ് ഫ്ലയിങ് ഷോട്ട് ഏറെ ആഗ്രഹിച്ചതാണ്. ഒരുപാട്നാളത്തെ ശ്രമങ്ങൾക്ക് ശേഷം, ചിത്രം ഒത്തുകിട്ടിയത് തട്ടേക്കാട് സലിം അലി പക്ഷി സാങ്കേതത്തിൽ നിന്നാണ്.