മലബാറിൽകൊളോണിയൽ ശക്തികൾ അവരുടെ സാന്നിദ്ധ്യം സ്ഥാപിച്ചത് മുതൽ അതിനെതിരെയുള്ള ചെറുത്ത് നില്‍പ്പും ആരംഭിച്ചിരുന്നു. 1498 മുതല്‍ 1947 വരെ നാലര നൂറ്റാണ്ട് നീണ്ടു നിന്ന ഈ പോരാട്ടം നയതന്ത്രം, സായുധ പോരാട്ടം, അഹിംസാത്മക രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പല കൈവഴികളിലൂടെ കടന്ന് അവസാനം രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിലാണത് കലാശിച്ചത്.

കൗതുകകരമെന്നു പറയട്ടെ, ഈ പ്രക്ഷുബ്ധമായ കലയാളവിലത്രയും ഹിന്ദു-മുസ്ലിം സാഹാര്‍ദ്ദത്തിന്റെ അണ മുറിയാത്ത ഒരു ധാര നിലനിർത്തുന്നതിൽ മലബാര്‍ ജനത വിജയിച്ചു എന്ന് ചരിത്രം പറയുന്നു. അധിനിവേശ വിരുദ്ധ പോരാട്ടം ഒരു ജനതയുടെ കൂട്ടുത്തുരവാദിത്തമായി ട്ടാണ് മാപ്പിളമാര്‍ കണ്ടത്. കൊളോണിയല്‍ ശക്തികള്‍ പക്ഷെ,അതിനെ ഒരു പ്രത്യേക സമുദായത്തിന്റെ മതഭ്രാന്തില്‍ നിന്നുണ്ടായ ഹാലിളക്കമായാണ് വിലയിരുത്തിയത്.

മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശിയും ഇംഗ്ലണ്ടിലെ സെന്‍റ് ആൻഡ്രൂസ് സർവകലാശാലയിലെ അദ്ധ്യാപകനുമായ ഡോ.അബ്ബാസ് പനക്കൽ രചിച്ച “മുസലിയാർ കിംഗ്: ഡീകൊളോണിയൽ ഹിസ്റ്റോറിയോഗ്രഫി ഓഫ് മലബാര്‍ റെസിസ്റ്റന്‍സ് ” എന്ന കൃതി അധിനിവേശ വിരുദ്ധ പോരാട്ടത്തെ ആഴത്തിൽ വിശകലനം ചെയ്യുകയാണ്. ചെറുത്തു നില്‍പ്പിനെ കുറിച്ചുള്ള കൊളോണിയല്‍ ആഖ്യാനങ്ങളെ വെല്ലുവിളിക്കുന്നതോടൊപ്പം പോരാട്ടത്തിന്‍റെ സൂക്ഷ്മവും ബഹു മുഖവുമായ വശങ്ങളിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നുണ്ട് ഈ കൃതി.

കോഴിക്കോട് സാമുതിരിയുടെ ഭരണകാലത്ത് ഹിന്ദു മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ഒരു ആൺകുട്ടിയെ മുസ്ലിമായി വളര്‍ത്തുന്ന രീതി നിലനിന്നിരുന്നു എന്ന് എഫ് ബി ഇവാന്‍സും സി എ ഇന്നസും ചേര്‍ന്ന് തയ്യാറാക്കിയ മലബാര്‍ ഗസറ്റിയര്‍ പറയുന്നുണ്ട്. കടലില്‍ പോയി യുദ്ധം ചെയ്യുന്നത് പാപമായാണ് ഹിന്ദുമതം കണ്ടിരുന്നത്. അതിനെ മറികടക്കാനാണ് ഇങ്ങനെ ഒരു വഴി സ്വീകരിക്കപ്പെട്ടത് എന്ന്‍ പറയപ്പെടുന്നു.

19-ആം നൂറ്റാണ്ടിൽ, ഭൂപ്രഭുക്കൾക്കും ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾക്കും എതിരെനടന്ന ചെറുത്തുനിൽപ്പുകളില്‍ താഴ്ന്ന ജാതിക്കാരായ കുടിയാന്മാരുടെ ഗണ്യമായ പങ്കാളിത്തമുണ്ടായിരുന്നു.

അതിനെപിന്തുടർന്ന് 1921-ലെ ഖിലാഫത്ത് സമരകാലത്ത് എം.പി.നാരായണമേനോൻ, കട്ടിലശ്ശേരി മുഹമ്മദ് മുസലിയാർ തുടങ്ങിയ പ്രമുഖരുടെ കൂട്ടുകെട്ടുകൾ തന്നെ സമരത്തിന്‍റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നു.

കൊളോണിയൽ വിരുദ്ധപോരാട്ടത്തിന്റെ അടിത്തറ ഹിന്ദു-മുസ്ലിം ഐക്യം എന്ന ആശയത്തിൽ അടിയുറച്ചതായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.

മഖ്ദൂമുമാരുടെ ‘തഹ്‌രിദ്’, ‘തുഹ്ഫത്തുല്‍ മുജാഹിദീൻ’ എന്നീ ഗ്രന്ഥത്തിൽ പരാമർശിക്കുന്നതും അക്കാലഘട്ടത്തിലെ ഹിന്ദു മുസ്ലിംമൈത്രിയെക്കുറിച്ചാണ്. ചാലിയം കോട്ട പൊളിക്കുന്ന വിവരണമുള്ള ഖാദി മുഹമ്മദിന്‍റെ ‘ഫത്ഹുൽ മുബിൻ’ മാപ്പിള പോരാളികളും നായര്‍ പടയാളികളും ഒന്നിച്ച് സാമൂതിരിക്ക് വേണ്ടി പോരാടുന്ന കഥയാണ് പദ്യരൂപത്തിൽ പറയുന്നത്.

ടിപ്പു സുൽത്താൻ മലബാര്‍ ആക്രമിച്ചപ്പോള്‍ മുസ്ലിം ഭൂ പ്രഭുക്കന്മാരില്‍ നിന്ന് കനത്ത ചെറുത്ത്നില്പു നേരിടേണ്ടി വന്നു എന്ന് ചരിത്രം പറയുന്നുണ്ട്. മഞ്ചേരിയിലെ അത്തൻ കുരിക്കൾ ടിപ്പുവിന് വേണ്ടിനികുതി പിരിക്കാൻ വിസമ്മതിക്കുകയും അദ്ദേഹത്തിനെതിരെ കലാപത്തിന് നേതൃത്വം നൽകുകയും ചെയ്തു. സാമൂതിരിയുടെ അനന്തരവൻ രവി വർമ്മയുമായി സഖ്യത്തിലേർപ്പെട്ടുകൊണ്ടാണ് ടിപ്പു കുരിക്കളെ പരാജയപ്പെടുത്തിയത്. മുസ്ലീം പ്രമാണിമാരുടെ കലാപങ്ങളെ ചെറുക്കാൻ ടിപ്പു എങ്ങനെ തന്ത്രപരമായി ഹിന്ദു പ്രമാണിമാരെ ആശ്രയിച്ചുവെന്ന് ഇത് വെളിപ്പെടുത്തുന്നു.

സമാനമായ രീതിയിൽ, ചാവക്കാടിന് സമീപമുള്ള പ്രമുഖ നേതാവായ മണത്തല നാലകത്ത് ഹൈദ്രോസുകുട്ടി മൂപ്പൻ സാമൂതിരിയെ പിന്തുണച്ച് ടിപ്പുവിനെതിരെ പോരാടിയ മുസ്ലിം പ്രമാണിയായിരുന്നു. ക്ഷേത്രങ്ങൾക്ക് ഭൂമി നൽകൽ, അമുസ്ലിംകളെ പ്രധാന ഭരണ-സൈനിക റോളുകളില്‍ നിയോഗിക്കല്‍ തുടങ്ങിയ ടിപ്പുവിന്‍റെ നീക്കങ്ങളും,അക്കാലത്തെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ നിലപാടുകളുടെ സ്വഭാവം വ്യക്തമാക്കുന്നു. മുസ്ലിമായി എന്നത്കൊണ്ട് മാത്രം ടിപ്പുവിനെ ആരും കണ്ണടച്ച് പിന്തുണച്ചില്ല എന്നർത്ഥം.

പക്ഷേ 1921 ലെ സമരത്തിന് ശേഷം കൊളോണിയൽ ഭരണകൂടം ഒരു ജനതയെ ഒന്നാകെ പൈശാചിക വല്‍ക്കരിക്കാനും ഖിലാഫത്ത് സമരം ഹിന്ദുക്കൾക്കെതിരെയുള്ള കൂട്ടക്കശാപ്പ് ആയിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തി.

മാപ്പിള സമുദായത്തെയാകെ കാടന്മാരും മതഭ്രാന്തന്‍മരുമായി ചിത്രീകരിക്കാൻ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്ന ആഖ്യാനങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവര്‍ ഇന്നുമുണ്ട്.

ഒരേ സമയം കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്‍റെ പ്രചോദന കേന്ദ്രവും ഹിന്ദു മുസ്ലിം സൌഹൃദത്തിന്റെ വക്താവുമായിരുന്ന മമ്പുറം തങ്ങന്‍മാരെകുറിച്ചും ഈ ഗ്രന്ഥം വിശദീകരിക്കുന്നുണ്ട്.മലപ്പുറത്തെ പ്രധാന തീർഥാടന കേന്ദ്രമായ മമ്പുറം ആ പാരമ്പര്യം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ട്.

പ്രശസ്‌ത സൂഫി പണ്ഡിതനും കൊളോണിയൽ വിരുദ്ധ പോരാളിയുമായിരുന്നസയ്യിദ് അലവി തങ്ങളുടെ ഖബറിടമാണ് മമ്പുറത്ത് സ്ഥിതി ചെയ്യുന്നത്. മുസ്ലീങ്ങളും താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളും ഒരുപോലെ ആദരിക്കുന്ന ഒരു ആത്മീയ നേതാവായിരുന്നു അദ്ദേഹം.

ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കൾക്കും എതിരായ പോരാട്ടങ്ങളെ പിന്തുണക്കുക മാത്രമല്ല, ചില പോരാട്ടങ്ങളില്‍ അദ്ദേഹം നേരിട്ടു പങ്കെടുക്കുക കൂടി ചെയ്തു. സവര്‍ണ്ണ ഹിന്ദു മേല്‍ക്കോയ്മയെ ചോദ്യം ചെയ്യുകയും കീഴാള ജനതയോട് ആത്മാഭിമാനത്തോടെ നിലകൊള്ളാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.

1844-ൽ അലവി തങ്ങളുടെ മരണ ശേഷം അദ്ദേഹത്തിൻ്റെ മകൻ സയ്യിദ് ഫസൽ തങ്ങൾ കോളനി വിരുദ്ധ പോരാട്ടത്തിൻ്റെയും താഴ്ന്ന ജാതിക്കാരുടെശാക്തീകരണത്തിൻ്റെയും പാരമ്പര്യം തുടർന്നു. സവർണ്ണ ഭൂവുടമകളെ അഭിസംബോധന ചെയ്യുമ്പോൾ അടിമത്വം ദ്യോതിപ്പിക്കുന്ന സംബോധനകള്‍ ഉപേക്ഷിക്കണമെന്ന് അദ്ദേഹം താഴ്ന്ന ജാതിക്കാരോട് ആവശ്യപ്പെട്ടു. ഉയർന്ന ജാതി കുടുംബങ്ങളിൽ നിന്ന് ലഭിക്കുന്ന എച്ചിൽ കഴിക്കുന്നത് അദ്ദേഹം നിരുത്സാഹപ്പെടുത്തി.

ഈ പ്രവർത്തനങ്ങൾ താഴ്ന്ന ജാതിക്കാരിലും പുതു മുസ്ലീങ്ങളിലും ആത്മാഭിമാനബോധം വളർത്തി. സയ്യിദ് ഫസലിൻ്റെ ശ്രമങ്ങൾ ജാതി ഭൂപ്രഭുക്കളേയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും ഒരുപോലെ വിറളി പിടിപ്പിച്ചു. ഒടുവിൽ കൊളോണിയൽ ഭരണകൂടം 1852 മാർച്ച് 19ന് അദ്ദേഹത്തെ അറേബ്യയിലേക്ക് നാടുകടത്തി.

ഇന്നും മമ്പുറം ദര്‍ഗ സന്ദര്‍ശിക്കുന്നവരില്‍ നല്ലൊരു ഭാഗം കീഴാള ഹിന്ദുക്കളാണ് എന്നത് ഈ വാദത്തെ സാധൂകരിക്കുന്നു. മലബാറിലെ കീഴാള ക്ഷേത്രോല്‍സവമായ കളിയാട്ട ഉല്‍സവത്തിന് തീയതി നിശ്ചയിച്ചു നല്കിയത് ഫസല്‍ തങ്ങളാണ് എന്ന് പറയപ്പെടുന്നു. ഇന്നും ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്ന് മമ്പുറം ദര്‍ഗ സന്ദര്‍ശനമാണ്.

മലബാറിന്‍റെ പ്രാദേശിക ചരിത്രം പരിചയമുള്ള വായനക്കാര്‍ക്ക് പുസ്തകത്തില്‍ നിന്ന് പുതുതായൊന്നും ലഭിച്ചെന്നു വരില്ല. എന്നാല്‍ കൊളോണിയല്‍ ആഖ്യാനങ്ങള്‍ മാത്രം കേട്ടു പരിചയിച്ച പടിഞ്ഞാറന്‍ അക്കാദമിക ലോകത്തിന് പുതിയ ചില തിരിച്ചറിവുകള്‍ നല്കാന്‍ പുസ്തകം ഉപകരിക്കുമെന്നുറപ്പാണ്. മലബാറിലെ മുസ്ലിംകളെ കുറിച്ചുള്ള കല്പിത കഥകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത ഇക്കാലത്ത് നാടിന്‍റെ മഹിതമായ ഇന്നലകളെകുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്.