ഇക്കാലത്ത് ഒരു ഫോട്ടോ ഷൂട്ട്‌ സംഘടി പ്പിക്കാനുള്ള പെടാപാട് ചില്ലറയല്ല. ഭീമമായ ഫീസ് കൊടുത്ത് മോഡലിനെ കണ്ടെത്തണം, ലൊക്കേഷൻ കണ്ടുപിടിക്കണം, പെർമിഷൻ വാങ്ങണം, ഷൂട്ട്‌ തീരും വരെ ചെല്ലും ചെലവും കൊടുത്ത് എല്ലാവരെയും കൂടെ നിർത്തണം. അങ്ങനെ എന്തൊക്കെ കാര്യങ്ങൾ….. എന്നാൽ ഇതൊന്നുമില്ലാതെ അതിമനോഹരമായ ഒരു ഫോട്ടോ ഷൂട്ട്‌ തരപ്പെട്ടു ഈയിടെ.

കൊതിപ്പിക്കുന്ന ലൊക്കേഷൻ, ആരും മോഹിച്ചു പോകുന്ന സൗന്ദര്യമുള്ള നായകനും നായികയും. നിന്നും, ഇരുന്നും, നടന്നും, നൃത്തം ചെയ്തുമൊക്കെ അവർ ഫോട്ടോക്ക് പോസ്ചെയ്തു. ഒരു ഷെഡ്യൂളിന്റെയും തിരക്കില്ലാതെ…..

അതിരാവിലെ ഞാൻ ലൊക്കേഷനിലെത്തുമ്പോൾ അവിടെ ആരുമില്ല, കരിമ്പാറക്കെട്ടിൽ വെള്ളം വീണ് ചിതറിത്തെറിക്കുന്ന ഭയാനക ശബ്ദം മുഴങ്ങുന്ന കാട്. പരിസരമൊക്ക വീക്ഷിച്ച് മെല്ലെ ക്യാമറ പുറത്തെടുക്കാമെന്നു കരുതി ഞാൻ വെറുതെ നിന്നു. പെട്ടെന്നാണ് പാറ ക്കെട്ടിന് മുകളിൽ വെയിൽ കായുന്ന രണ്ട് പേരെ കണ്ടത്. കറുപ്പും വെളുപ്പും ഇടകലർന്ന വേഷം. തലയിൽ ചുവന്ന പൂ, ഇളം ചുവപ്പ് കലർന്ന ചുണ്ടുകൾ. പ്രഭാത സൂര്യന്റെ കിരണങ്ങളേറ്റ് തിളങ്ങുന്ന മേനി.

ഒരു മരത്തിനു പിന്നിൽ മറഞ്ഞു നിന്ന് ഞാൻ ക്യാമറ പുറത്തെടുത്തു, പിന്നെ തുരു തുരെ ക്ലിക്കുകൾ. എന്റെ മിന്നായമെങ്ങാനും കണ്ടാൽ രക്ഷപ്പെട്ടു കളയുമെന്ന് പേടിച്ച് ശ്വാസം അടക്കിപ്പിടിച്ചാണ് ഞാൻ ഫോട്ടോകൾ എടുത്തത്.

എന്നാൽ, അവർക്കൊരു കൂസലുമില്ലെന്നു കണ്ട ഞാൻ മെല്ലെ അടുത്തേക്ക് നീങ്ങി കുറച്ച് ക്ളോസ് അപ് ഷോട്ടുകൾ എടുത്തു. ദമ്പതികൾക്ക് ഒരു കുലുക്കവുമില്ല. ഞാൻ മരത്തിന്റെ മറവിൽ നിന്ന് മാറി കുറച്ചു കൂടെ അടുത്ത് ചെന്നു. എന്നെ കണ്ട മാത്രയിൽ അവൻ കഴുത്ത് മേല്പോട്ടൂയർത്തി. രക്ഷപ്പെടാനുള്ള പുറപ്പാടായിരിക്കുമെന്ന് കരുതി ഞാൻ മെല്ലെ കാൽ പിന്നോട്ട് വെച്ചു. പക്ഷെ, എന്നെ ഞെട്ടിച്ചുകൊണ്ട് അവൻ കഴുത്ത് മേല്പോട്ടൂയർത്തി ചുണ്ട് വിടർത്തി എന്തോ ശബ്ദമുണ്ടാക്കി നൃത്തം ചെയ്യും പോലെ വട്ടം ചുറ്റി, കൂടെ അവളും. ഞാൻ മതി വരുവോളം ഫോട്ടോകൾ എടുത്തു.

വേറെ ഒരു ആംഗിളിൽ നിന്ന് പടമെടുക്കാൻ പാറപ്പുറത്തെ കൊച്ചു തടാകത്തിനപ്പുറത്തേക്ക് ഞാൻ മെല്ലെ മാറി നിന്നു. അതാ രണ്ട് പേരും നീന്തി എന്റെ അടുത്തേക്ക്!
പിന്നെ ഏതാണ്ട് രണ്ട് മണിക്കൂറിലധികം അവർ എന്നെ ചുറ്റിപ്പറ്റി നിന്നു. ഞാൻ നിർത്താതെ ചിത്രങ്ങളെടുത്തുകൊണ്ടിരുന്നു, എന്റെ ഡാറ്റാ കാർഡ് നിറയും വരെ.

ഇടുക്കി ജില്ലയിൽ തൊടുപുഴക്കടുത്ത ആനചാടിക്കുത്ത് വെള്ളച്ചാട്ടത്തിനടുത്ത് അധികമാരും എത്തിപ്പെടാത്ത ഒരു പാറക്കെട്ടിലാണ് അപ്രതീക്ഷിതമായി എനിക്കിങ്ങനെ ഒരവസരം ഒത്തു കിട്ടിയത്.
ദമ്പതികൾ കാട്ടുപക്ഷികളായിരുന്നില്ല. തൊട്ടടുത്തുള്ള ഒരു കുടിലിൽ വളർത്തുന്ന വാത്തുകളാണ് രണ്ട് പേരും. ടൂറിസ്റ്റുകൾ എത്തുന്ന വെള്ളച്ചാട്ടത്തിലേക്കുള്ള വഴി അറിയാതെ ഞാൻ കാടിനകത്തു മറ്റൊരു പാറക്കെട്ടിൽ എത്തിപ്പെടുകയായിരുന്നു.