മുസ്‌ലിംകൾ മലയാളം പഠിക്കാൻ പാടില്ലെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും സമുദായത്തിലെ വലിയൊരു വിഭാഗം വിശ്വസിച്ചിരുന്ന കാലത്ത് ‘മാതൃഭാഷ പഠിക്കാതെ മതം പൂർണമാവില്ലെ’ന്ന് ധീരമായി പ്രഖ്യാപിച്ച ധിഷണാശാലിയായിരുന്നു സനാഉള്ള മക്തി തങ്ങൾ.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്കൂളുകൾ വേണ്ടെന്നും മതചിട്ടകൾ പാലിച്ചു കൊണ്ടുതന്നെ ഒന്നിച്ചിരുന്നു പഠിക്കാമെന്നും അദ്ദേഹം വാദിച്ചു. ഖുർആൻ വിവർത്തനം ചെയ്യപ്പെടണമെന്നും അറബി മാതൃഭാഷ അല്ലാത്തവർക്ക് വേദഗ്രന്ഥത്തിന്റെ സാരാശം മനസിലാക്കാൻ മറ്റു വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഒത്താശയോടെ ക്രിസ്ത്യൻ മിഷിനറി മാർ ഇസ്‌ലാമിനും പ്രവാചകനുമെതിരെ നടത്തിക്കൊണ്ടിരുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ദൗത്യ ങ്ങളിലൊന്ന്. അതിനായി അദ്ദേഹം കേരളത്തിലങ്ങോളമിങ്ങോളം നടന്ന് പരസ്യ സംവാദങ്ങൾ നടത്തി. നാൽപതിലധികം കൃതികൾ രചിച്ചു. പത്ര മാസികകൾ പ്രസിദ്ധീകരിച്ചു. ബൗദ്ധിക സംവാദമായിരുന്നു അദ്ദേഹത്തിന്റെ രീതി.
ക്രിസ്ത്യൻ പണ്ഡിതരുമായി നിരന്തര സംവാദങ്ങളിൽ ഏർപ്പെട്ടപ്പോഴും, അബ്രഹാമിക് മതങ്ങളുടെ മൗലിക തത്വങ്ങൾ ഒന്നാണെന്നും ഇസ്‌ലാമും ക്രിസ്ത്യാനിറ്റിയും തമ്മിൽ ശത്രുത വേണ്ടതില്ലെന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. വിശ്വാസം സ്വയം ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാവേണ്ടതാണെന്നും മതം മാറ്റത്തിന് ആരെയും നിർബന്ധിക്കുന്നതിൽ അർത്ഥമില്ലെന്നും ഉറച്ചു വിശ്വസിച്ചു. അജ്ഞതയും ദാരിദ്ര്യവും ചൂഷണം ചെയ്തു മതപരിവർത്തനം ചെയ്യിക്കുന്ന പ്രവണതയെ അദ്ദേഹം ശക്തമായി എതിർത്തു.
തന്റെ നിലപാടുകളുടെ പേരിൽ ജീവിതാന്ത്യം വരെ അദ്ദേഹം വേട്ടയാടാപ്പെട്ടു, സ്വന്തം സമുദായം പോലും അദ്ദേഹത്തെ വെറുതെ വിട്ടില്ല. കടുത്ത പ്രയാസങ്ങളുടെ നാളുകളിൽ പലപ്പോഴും തുണയായത് തന്റെ ഹൈന്ദവ സുഹൃത്തുക്കളായിരുന്നു എന്ന് അദ്ദേഹം പല കൃതികളിലും അനുസ്മരിക്കുന്നുണ്ട്. അത്തരം വ്യക്തിപരമായ ദുരനുഭവങ്ങളുടെ ഓർമക്കുറിപ്പാണ് അദ്ദേഹത്തിന്റെ ‘മക്തി മനക്ലേശം’ എന്ന കൃതി.
ഒരു നൂറ്റാണ്ടിനിപ്പുറം മുസ്‌ലിം സമുദായം എത്തിനിൽക്കുന്ന വളർച്ചയുടെ പരിസരത്തു നിന്ന് കൊണ്ട് തങ്ങളെ പുനർവായിക്കുമ്പോൾ പോരായ്മകൾ ഏറെ കണ്ടേക്കാം. എങ്കിലും, ഇരുൾമുറ്റി നിന്ന ഒരുകാലത്തു ഒരു സംഘടനയുടെയും പിൻബലമില്ലാതെ സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നവോഥാനത്തിന്റെ വെളിച്ചവുമായി തങ്ങൾ രംഗത്ത് വന്നത്. ബ്രിട്ടീഷ് ഗവർമെന്റിന് കീഴിൽ ഉദ്യോഗസ്ഥനായായിരുന്ന തങ്ങൾ തന്റെ ജോലി രാജിവെച്ചാണ് പ്രവർത്തന രംഗത്തേക്കിറങ്ങിയത്.
നൂറു കൊല്ലം മുമ്പ് മക്തി തങ്ങൾ ഉയർത്തിയ ചിന്തകൾ പുരോഗമനപരമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ, ലിംഗനീതി, മരുമക്കത്തായ സമ്പ്രദായം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിന്‍റെ നിലപാടുകൾ തീർത്തും പ്രതിലോമകരമായിരുന്നു എന്നാണ് അന്താരാഷ്ട്ര പ്രശസ്ഥനായ ഗവേഷകൻ ഡോ: മഹമൂദ് കൂരിയയുടെ അഭിപ്രായം. മരുമക്കത്തായം കേരളത്തിലെ നായർ സമുദായത്തിൽ നിന്ന് കടമെടുത്തതാണെന്നും അത് തീർത്തും ഇസ്‌ലാമിക വിരുദ്ധവുമാണ് എന്നായിയിരുന്നു മക്തി തങ്ങളുടെ അഭിപ്രായം.
എന്നാൽ, അന്നും ഇന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകൾക്കടയിൽ മരുമക്കത്തായം നിലനിന്ന് പോന്നിട്ടുണ്ടെന്ന് മഹ്മൂദ് പറയുന്നു. മൊസാംബിക് മുതല്‍ ഫിലിപ്പൈന്‍സ് വരെയുള്ള ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളില്‍ ജീവിക്കുന്ന മുസ്ലിം സമൂഹങ്ങളില്‍ ഇന്നും മരുമക്കത്തായ ദായക്രമം നിലനില്‍ക്കുന്നുണ്ടെന്ന് അത്തരം സമൂഹങ്ങളില്‍ നേരിട്ട് പഠനം നടത്തിയ മഹ്മൂദ് പറയുന്നു. ഈ രംഗത്ത് മൗലികമായ ഗവേഷണങ്ങൾ നടത്തുന്ന ചരിത്രകാരനാണ് സ്കോട്ട്ലണ്ടിലെ എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനും മലയാളിയുമായ മഹമൂദ്.
“മക്തി തങ്ങള്‍ സ്തീ വിദ്യഭ്യാസത്തിന് വേണ്ടി വാദിച്ചപ്പോഴും സമൂഹത്തില്‍ സ്ത്രീകളുടെ പങ്കിനെകുറിച്ചുള്ള അദ്ദേഹത്തിന്‍റെ പല നിലപാടുകളും അങ്ങേയറ്റം സ്ത്രീ വിരുദ്ധമായിരുന്നു. ‘നാരി നരാഭിചാരി’ എന്ന അദ്ദേഹത്തിന്റെ കൃതി അത്തരം യാഥാസ്ഥിക വാദങ്ങളുടെ മികച്ച ഉദാഹരണമാണ്. ഇസ്ലാമിന്‍റെ പുരുഷാധിപത്യ വ്യാഖ്യാനങ്ങളെ അരക്കിട്ടുറപ്പിക്കനാണ് അദ്ദേഹം ഈ കൃതിയില്‍ ശ്രമിക്കുന്നത്,” മഹ്മൂദ് പറയുന്നു.
ഇസ്ലാമിക നിയമസംഹിതയ്ക്ക് ഏകാശില രൂപമില്ലെന്നും സ്ഥല കാല സാമൂഹിക ഭേദങ്ങൾക്കനുസരിച്ച് അവ വികാസ പരിണമാങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നും ഇനിയും അതിനുള്ള സാധ്യതകൾ ഇസ്‌ലാം തുറന്നിടുന്നെണ്ടെന്നും മഹ്മൂദ് സമർത്ഥിക്കുന്നു. ഇസ്‌ലാമിക സമൂഹങ്ങളിൽ ഇന്ന് നിലനിൽക്കുന്ന നടപ്പ് നിയമങ്ങളിൽ അധികവും ഇസ്‌ലാമിന്‍റെ പുരുഷ കേന്ദ്രീകൃത വായനയുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടവയാണ് എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. മറിച്ചുള്ള വായനകള്‍ ഇന്ന് ധാരാളമായി നടക്കുന്നുണ്ട്. അതെല്ലാം ഇസ്ലാമിക വിരുദ്ധമെന്ന് ചാപ്പയടിക്കുന്നതില്‍ കാര്യമില്ല. അവയോടൊക്കെ ബൌദ്ധികമായി സംവദിക്കാനുള്ള ഉള്‍കരുത്ത് ഇസ്ലാമിനുണ്ട് എന്ന് തിരിച്ചറിയുകയാണ് കരണീയമായ വഴി.
എന്നാൽ, ലിംഗനീതി വിഷയത്തില്‍ ഇത് മക്തി തങ്ങളുടെ മാത്രം നിലപാട് അല്ലെന്നും കേരളത്തിലെ എല്ലാ നവോഥാന പ്രസ്ഥാനങ്ങളും നേതാക്കളും ഈ വിഷയത്തില്‍ ഒരേ തട്ടിലായിരുന്നു എന്നുമാണ് കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ: ഷംസാദ് ഹുസൈന്‍റെ പക്ഷം. “കേരളീയ നവോഥാനം പുരുഷ കേന്ദ്രീകൃതമായിരുന്നു. സമൂഹത്തിന്‍റെ പൊതു നന്മക്കായി സ്ത്രീകളെ പരിഷ്കരിക്കാനാണ് അവരൊക്കെ ശ്രമിച്ചത്. പക്ഷെ സ്വന്തം ഭാഗദേയം നിർണ്ണയിക്കുന്ന കാര്യത്തിൽ സ്ത്രീകൾക്ക് എന്ത് പറയാനുണ്ട് എന്ന് അവരാരും അന്വേഷിച്ചില്ല,” ഡോ ഷംസാദ് പറയുന്നു.
മുസ്‌ലിം സ്ത്രീയെ നിരക്ഷരകുക്ഷികളായി പരിചയപെടുത്തിയ കാലത്തും അറബി മലയാളത്തിൽ സ്ത്രീകളുടേത് മാത്രമായ ഒട്ടേറെ ആവിഷ്കാരങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. 1930 കളിൽ തന്നെ മുസ്‌ലിം സ്ത്രീ പത്രാധിപരും വനിതാ പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നു. കഥയും, കവിതയും നോവലുമൊക്കെയായി അറബി മലയാളത്തിൽ വലിയൊരു സാഹിത്യ ശേഖരം തന്നെ ഉണ്ടായിയുന്നു. അതൊക്കെ വായിച്ചാസ്വദിക്കാൻ പാകപ്പെട്ട ഒരു വായനാ സമൂഹവും ഇവിടെ ഉണ്ടായിരുന്നു എന്നാണല്ലോ ഇത് തെളിയിക്കുന്നത്. ആധുനിക മലയാള ഭാഷ സര്‍വത്രികമാകുന്നതിന് എത്രയോ മുൻപായിരുന്നു ഇത് എന്നുകൂടി ഓർക്കുക.
മക്തി തങ്ങളും മാപ്പിള പോരാട്ടങ്ങളും
ഗവണ്‍മെന്‍റ് ജോലി ഉപേക്ഷിച്ചെങ്കിലും ബ്രിട്ടീഷ് ഭരണകൂടത്തോട് ഏറ്റുമുട്ടുന്ന രീതി തങ്ങൾ ഒരിയ്ക്കലും സ്വീകരിച്ചില്ല. ഭരണകൂടം നൽകുന്ന ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തി മുസ്‌ലിം സമുദായം പുരോഗതി നേടണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മരണം വരെ ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ അടുത്ത സഹായിയായി അദ്ദേഹം നിലകൊണ്ടു. സ്വാതന്ത്ര്യ സമര ചിന്തകളോ ദേശീയ പ്രസ്ഥാനമോ ചിത്രത്തില്‍ ഇല്ലാതിരുന്ന ഒരു കാലത്ത് സ്വീകരിക്കാവുന്ന പ്രയോഗിക വഴി ഇതായിരിക്കാം. ഈ വിഷയത്തില്‍അലിഗഡ് പ്രാസ്ഥാനത്തിന്‍റെ വക്താവായ സര്‍ സയ്യിദ് അഹമദ് ഖാന്‍റെ നിലപാടിന് സമാനമായിരുന്നു മക്തി തങ്ങളുടെ വീക്ഷണം.
മലബാറിലെ മാപ്പിള കർഷകർ ജന്മിമാർക്കും അവരെ പിന്തുണക്കുന്ന ബ്രിട്ടീഷ് ഭരണത്തിനെതിരെയും നിരന്തരമായി സായുധ സമരങ്ങൾ നടത്തിക്കൊണ്ടിരുന്ന കാലത്ത് അവരെ പിന്തിരിപ്പിക്കാൻ ഭരണകൂടം ഉപയോഗപ്പെടുത്തിയത് തങ്ങളെയാണ്. ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ നിര്‍ദേശപ്രകാരം കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സായുധസമരത്തില്‍ നിന്ന് പിന്‍മാറാന്‍ തങ്ങള്‍ മാപ്പിളമാരെ ആഹ്വാനം ചെയ്തു.
ഭരണകർത്താക്കളെ അനുസരിക്കേണ്ടത് മുസ്‌ലിംകളുടെ മതപരമായ ബാധ്യതയാണെന്നും അതിനാൽ മാപ്പിളമാരുടെ സായുധ സമര രീതി അനിസ്ലാമികമാണെന്നും മക്തി തങ്ങള്‍ വാദിച്ചു. അത്തരം സമരങ്ങളില്‍ ‘മഹാ പാപമല്ലാതെ പുണ്യമൊന്നുമില്ലെന്ന്’ തങ്ങൾ വിശ്വസിച്ചു. “ഇഹ പര കര്‍ത്താവ് പരിശുദ്ധേകനയായ ദൈവം തന്നെയെങ്കിലും പ്രപഞ്ചാവസ്ഥക്ക് രക്ഷാശിക്ഷക്കധികാരിയായി നിയമിക്കപ്പെട്ടിരിക്കുന്ന രാജാക്കളെ ധിക്കരിക്കാതെ അനുസരിക്കണം. ഖുര്‍ആന്‍ പ്രമാണപ്രകാരം മൂന്നാം സ്ഥാനത്ത് കാണുന്ന ‘ആജ്ഞാശ്രേഷ്ഠന്‍’ (ഉലുല്‍ അംറ്) ഭരണാധികാരിയാണെന്ന് ഒരു പക്ഷമുണ്ട്,” രാജഭക്തിയും ദേശാഭിമാനവും എന്ന കൃതിയില്‍ തങ്ങള്‍ വിശദീകരിക്കുന്നു.
നിയമാനുസൃത ഭരണകൂടങ്ങളെ അനുസരിക്കുക എന്ന ഇസലാമിക തത്വത്തിന്‍റെ പരിധിയില്‍ എങ്ങനെയാണ് കൊളോണിയല്‍ ഭരണകൂടമായ ബ്രിട്ടീഷ് ഗവണ്‍മെന്‍റിനെ പരിഗണിക്കുക എന്ന പ്രശ്നം ഇവിടെ നിലനില്‍ക്കുന്നു.
മാത്രമല്ല, മലബാറിലെ പോരാട്ടങ്ങളെ എതിര്‍ക്കുമ്പോള്‍ ഒരിക്കല്‍ പോലും തങ്ങള്‍ ബ്രിട്ടീഷ് ഭരണ കൂടത്തിന്‍റെ കൊടിയ ചൂഷണത്തിലധിഷ്ഠിതമായ നികുതി വ്യവസ്ഥയെ കുറിച്ചോ ജന്മി ആധിപത്യത്തിന് കീഴില്‍ കീഴാളര്‍ അനുഭവിച്ചിരുന്ന ജാതി വിവേചങ്ങളെയോ പരാമര്‍ശിക്കുന്നേയില്ല. ‘അന്യജനത്തെ കൊലപ്പെടുത്തി താന്‍ കൊല്ലപ്പെടുന്നതില്‍ മോക്ഷമുണ്ടെന്ന വിശ്വസം’ കൊണ്ട് മാത്രമാണ് കര്‍ഷകര്‍ പോരാട്ടത്തിനിറങ്ങിയത് എന്ന വാദം അത്തരം സമരങ്ങളെ ലളിതവല്‍ക്കരിക്കലാണ് എന്നു പറയാതെ വയ്യ. വിശേഷിച്ചും, മക്തി തങ്ങള്‍ക്ക് മുമ്പ് തന്നെ വെളിയംകോട് ഉമര്‍ ഖാസിയെപ്പോലുള്ള പണ്ഡിതന്മാര്‍ ബ്രിട്ടീഷുകാരുടെ നികുതി ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു എന്ന വസ്തുത നില്‍നില്‍ക്കെ.
മലബാറില്‍ മമ്പുറം സയ്യിദ് അലവി തങ്ങളും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളും കര്‍ഷകരുടെ സായുധ സമരങ്ങളെ പിന്തുണക്കുക മാത്രമല്ല, പോരാട്ടങ്ങളില്‍ നേരിട്ടു പങ്കാളിയാവുകയും ചെയ്തിരുന്നു. മുട്ടിച്ചിറ, ചേറൂര്‍ പോരാട്ടങ്ങളില്‍ സയ്യിദ് അലവി തങ്ങള്‍ നേരിട്ടു പങ്കെടുക്കുകയും പോരാളികള്‍ക്ക് പ്രചോദനമായി ‘സൈഫുല്‍ ബത്താര്‍’ എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തിരുന്നു എന്ന് ചരിത്രം പറയുന്നു.
1821 നും 1921 നും ഇടക്ക് 51 ജന്മി വിരുദ്ധ, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ മലബാറിലെ മാപ്പിള-കീഴാള കര്‍ഷകര്‍ നടത്തിയിട്ടുണ്ട്. അവയൊക്കെ വെറും മതഭ്രാന്ത് മാത്രമായിരുന്നു എന്നത് കൊളോണിയല്‍ ആഖ്യാനമാണ്. കൊടിയ ജാതി ചൂഷണങ്ങളില്‍ നിന്നുള്ള മോചനത്തിന്‍റെ വഴിയായി മതം മാറ്റത്തെയും പോരാട്ടങ്ങളെയും കീഴാള കര്‍ഷകള്‍ പോലും ഉപയോഗപ്പെടുത്തി എന്നും പല ഗവേഷകരും ചൂണ്ടിക്കാണിണിച്ചിട്ടുണ്ട്.
മക്തി തങ്ങളുടെ പ്രവര്‍ത്തന മേഖലയായിരുന്ന തിരു കൊച്ചിയിലെയും മമ്പുറം തങ്ങന്‍മാര്‍ ജീവിച്ച മലബാറിലെയും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്ഥമായിരുന്നു. അവരെടുത്ത നിലപാടുകളില്‍ ഈ സ്വധീനം പ്രകടമാണ്. സൂഫി-സലഫി ചിന്താ ധാരകള്‍ തമ്മിലുള്ള അന്തരവും ഇതില്‍നിന്നു വായിച്ചെടുക്കാം. മലബാറില്‍ സൂഫി ധാരക്കകത്ത് തന്നെ ബ്രിട്ടീഷുകാരെ പരസ്യമായി പിന്തുണച്ച സുന്നി, ശിയാ പണ്ഡിതന്മാരും ഉണ്ടായിരുന്നു.
മക്തി തങ്ങളുടെ ശ്രമങ്ങൾ വിജയകരമായിരുന്നു എന്നും 1898ന് ശേഷം അത്തരം കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നുമാണ് മക്തി തങ്ങളുടെ സമ്പൂർണ കൃതികളുടെ രണ്ടാം പതിപ്പിന് എഴുതിയ മുഖവുരയിൽ പ്രശസ്ത ചരിത്രകാരൻ ഡോ എം ഗംഗാധരൻ അഭിപ്രായപ്പെടുന്നത്. 1921ൽ ഖിലാഫത്ത് പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ നടന്ന പോരാട്ടം ‘രക്തസാക്ഷി സമരങ്ങളുടെ’ പട്ടികയില്‍ പെടുന്നതല്ലെന്നും ഡോ ഗംഗാധരന്‍ പറയുന്നു.
21 ലെ സമരത്തിന്‍റെ കാര്യത്തില്‍ മക്തി തങ്ങള്‍ മറിച്ചൊരു നിലപാട് സ്വീകരിക്കുമായിരുന്നോ എന്ന് നമുക്കറിയില്ല. ആ സമരം നടക്കുന്നതിന്റെ ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പ് 1912 ല്‍ അദ്ദേഹം മരണപ്പെട്ടിരുന്നു.
നൂറു കൊല്ലം മുമ്പ് മരണപ്പെട്ട ഒരാള്‍ അന്നെടുത്ത നിലപാടുകള്‍ തീര്‍ത്തും വ്യത്യസ്ഥമായ ഇന്നതെ സാഹചര്യത്തില്‍ പുനര്‍വായനക്ക് വിധേയമാക്കുന്നതില്‍ ഒട്ടേറെ പരിമിതികള്‍ ഉണ്ട്. പക്ഷേ, മുന്നോട്ടുള്ള പ്രയാണത്തില്‍ വഴിവെളിച്ചമാകാന്‍ ഉപകരിക്കുന്ന പുനര്‍വായനകളും പുനരന്വേഷണങ്ങളും തീര്‍ച്ചയായയും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. വിധി തീര്‍പ്പ് കല്‍പ്പിക്കാനല്ല; ചരിത്രത്തെ വസ്തുതാപരമായി വിലയിരുത്താനും പാഠങ്ങള്‍ ഉള്‍കോള്ളാനും വേണ്ടി.
Tags: Mahmood Kooria, makthi manaklesham, Makthi Thangal, nari narabhichari, Shamsad Hussain