ഇസ്‌ലാം, രാഷ്ട്രീയത്തിൽ നിന്ന് വേറിട്ട് പാശ്ചാത്യ രീതിയിലുള്ള വെറുമൊരു ‘മതം’ അല്ലെന്ന് മൗദൂദി തറപ്പിച്ചു പറഞ്ഞു; ഇക്കാര്യത്തിൽ അദ്ദേഹം ഗാന്ധിയുമായി പൂർണ്ണ യോജിപ്പിലായിരുന്നു. പകരം, ഇസ്‌ലാം സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും ആചാരപരമായ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ ജീവിതരീതി (ദീന്‍) ആണെന്ന് അദ്ദേഹം വാദിച്ചു. (പേജ് 284)
വിദ്വേഷവും സംഘർഷവും ഇളക്കിവിടുന്ന വിപ്ലവകരമായ അട്ടിമറികളുമായോ കൊലപാതകങ്ങളുമായോ അത്തരം നയങ്ങളുമായോ മൗദൂദിക്ക് ഒരു ബന്ധവുമില്ല. ലക്ഷ്യങ്ങളും മാർഗങ്ങളും ‘ശുദ്ധവും പ്രശംസനീയവും’ ആണെങ്കിൽ മാത്രമേ ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന് ഉറച്ച വേരുകൾ ഇറക്കാൻ കഴിയൂ എന്ന് അദ്ദേഹം ശഠിച്ചു. ഒരു മതേതര രാഷ്ട്രത്തിൽ നിന്ന് യഥാർത്ഥ ഇസ്ലാമിക സമൂഹത്തിലേക്കുള്ള മാറ്റം സ്വാഭാവികവും പരിണാമപരവും സമാധാനപരവുമായിരിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു. പേജ് (285)
ജമാഅത്തിലെ മറ്റ് അംഗങ്ങൾ പാകിസ്ഥാനിലെ അക്രമ രാഷ്ട്രീയത്തിന് കീഴടങ്ങിയപ്പോൾ മൗദൂദി, ഒരു ഇസ്ലാമിക രാഷ്ട്രം ജനാധിപത്യപരമായി നേടിയെടുക്കണമെന്ന കാര്യത്തില്‍ ഉറച്ചുനിന്നു. ഇസ്‌ലാമിക രാഷ്ട്രം ഒരു
മതരാഷ്ട്രമായിക്കൂടെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു, കാരണം ഒരു ഗ്രൂപ്പിനോ വ്യക്തിക്കോ ദൈവത്തിന്‍റെ നാമത്തിൽ ഭരിക്കാൻ അവകാശമില്ല. ഒരു ഇസ്‌ലാമിക ഗവര്‍മെന്‍റിനെ ഒരു നിശ്ചിത കാലയളവിലേക്ക് ജനങ്ങൾ തിരഞ്ഞെടുക്കണം, സാർവത്രിക പ്രായപൂർത്തി വോട്ടവകാശം, മുറയ്ക്കുള്ള തിരഞ്ഞെടുപ്പുകൾ, ബഹുപാർട്ടി സംവിധാനം, സ്വതന്ത്ര ജുഡീഷ്യറി, ഉറപ്പാക്കപ്പെട്ട മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും – അതായത് വെസ്റ്റ്മിൻസ്റ്റര്‍ രീതിയില്‍നിന്ന് വ്യത്യസ്തമല്ലാത്ത ഒരു സംവിധാനം.
മൗദൂദി എഴുതി “ഇസ്‌ലാമിക നിയമം നടപ്പിലാക്കുന്നത് കൊണ്ട് മാത്രം ഇസ്‌ലാം യഥാർത്ഥത്തിൽ ലക്ഷ്യം വെക്കുന്ന ഫലം നൽകാനാവില്ല. എന്തുകൊണ്ടെന്നാൽ, ഇസ്‌ലാമിക നിയമത്തിന്‍റെ കേവല പ്രഖ്യാപനം കൊണ്ട് മാത്രം ജനഹൃദയങ്ങളില്‍ വിശ്വാസം ജ്വലിപ്പിക്കാനും അവരുടെ മനസ്സുകളെ പ്രബുദ്ധമാക്കാനും കഴിയില്ല. അവരുടെ ശീലങ്ങളും പെരുമാറ്റങ്ങളും ഇസ്‌ലാമിന്റെ സദ്‌ഗുണങ്ങൾക്ക് അനുസൃതമായി രൂപപ്പെടുത്തിയെടുക്കാന്‍ കേവലം പ്രഖ്യാപങ്ങള്‍ മാത്രം മതിയാവില്ല” (പേജ് 286)
മനുഷ്യ ജീവിതത്തിന്‍റെ നിഖില മേഖലകളിലും ഒരു സജീവ സാന്നിധ്യമായിരുന്ന മതം എന്നുമുതല്‍ക്കാണ് പൂജാമുറിയില്‍ മാത്രമായി ഒതുങ്ങിത്തുടങ്ങിയത് എന്നതിന്‍റെ ചരിത്രം ഈ പുസ്തകം വിശദീകരിക്കുന്നുണ്ട്. മതം മാത്രമല്ല, മതേതരത്വവും ഒഴുക്കിയ ചോരപ്പുഴകളുടെയും വംശഹത്യകളുടെയും ചരിത്രവും പുസ്തകത്തില്‍ സവിസ്തരം വിശകലനം ചെയ്യപ്പെടുന്നുണ്ട്.
ഇപ്പോഴത്തെ അങ്ങാടിനിലവാരം വെച്ച് നോക്കിയാല്‍ ഗ്രന്ഥകർത്താവിന് ഒരു ജമാഅത്ത്, സുഡാപ്പി സര്‍ടിഫികറ്റിന് വേണ്ട എല്ലാ യോഗ്യതയും ഉണ്ട്!!
ഞാന്‍ ജമാഅത്ത്കാരനല്ല. മുകളിൽ കൊടുത്ത ഉദ്ധരണികൾ ഏതെങ്കിലും ജമാഅത്ത് സാഹിത്യത്തില്‍നിന്ന് പകര്‍ത്തിയതുമല്ല.
ലോകപ്രശസ്ത അമേരിക്കന്‍ എഴുത്തുകാരിയും മത ദര്‍ശനങ്ങളെകുറിച്ച് അഗാധമായി പഠനം നടത്തുകയും ചെയ്ത കാരന്‍ ആംസ്ട്രോങ് തന്‍റെ Fields of Blood: Religion and the history of violence എന്ന പുസ്തകത്തില്‍ ജമാഅത്ത് സ്ഥാപകനായ മൗലാനാ മൗദൂദിയെ കുറിച്ച് എഴുതിയ വരികളാണിത്.