മഴ പലതവണ വഴി മുടക്കിയ കടൽ പക്ഷികളുടെ സർവേ നാലു മാസത്തെ കാത്തിരിപ്പിനോടുവിൽ ഒക്ടോബർ  ആറിനാണ് സാധ്യമായത്.

പുലർച്ചെ ആറ് മണിക്ക്, ഫോർട്ട്‌ കൊച്ചി കടൽ തീരത്തെ പതിവ് ഡോൾഫിൻ ഡാൻസ് കണ്ടുകൊണ്ടായിരുന്നു തുടക്കം. തീരം കാഴ്ചയിൽനിന്ന് മറഞ്ഞതോടെ തീർത്തും വ്യത്യസ്തമായ ഒരു ലോകത്ത്  എത്തിപ്പെട്ട പ്രതീതി. 

മേലെ നീലാകാശം. താഴെ നോക്കെത്താ ദൂരം കടലിന്റെ അനന്ത വിശാലത. കടൽപരപ്പിൽ കറുത്ത പൊട്ടുകൾ പോലെ കപ്പലുകൾ. അങ്ങിങ്ങ് ചില മത്സ്യബന്ധന 

ബോട്ടുകൾ…..അർദ്ധവൃത്താകൃതിയിൽ മേൽക്കൂര പോലെ ആകാശത്തിന്റെ അനന്ത വിഹായസ്സ്. താഴെ കടലിന്റെ പേടിപ്പെടുത്തുന്ന അഗാധ നീലിമ. വന്യമായ ഒരു മായിക പ്രപഞ്ചത്തിലൂടെ ഒരു യാത്ര…..

ബൈനോക്കുലറുമായി ബോട്ടിന് ഇരു വശവും നിലയുറപ്പിച്ചവർ ഓളപ്പരപ്പിലെ ഓരോ അനക്കങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഓരോ ചിറ കടിയും പകർത്തിയെടുക്കാൻ  പ്രഗത്ഭരായ ഫോട്ടോഗ്രാഫർമാരുടെ ഒരു പടതന്നെ കാത്തുനിന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരിചയസമ്പന്നരായ പക്ഷിനിരീക്ഷകരും കടൽപ്പക്ഷികളുടെ കൗതുകലോകം നേരിൽ കാണാൻ കൊതിച്ചു വന്ന ഞാനടക്കമുള്ള പുതുമുഖങ്ങളും അടങ്ങുന്നതായിരുന്നു 37 അംഗ ടീം.

മണിക്കൂറുകൾ കടന്നുപോകവേ കടൽ പക്ഷികളുടെ വൈവിധ്യമാർന്ന ഇനങ്ങളെ ഞങ്ങൾ കണ്ടുമുട്ടി. വ്യത്യസ്തമായ നിറങ്ങളും വലുപ്പവും കൊക്കുകളും ഉള്ള പക്ഷികൾ. നീണ്ട ചിറകുകളും മെലിഞ്ഞ ശരീരവുമുള്ള ചിലർ, അസാമാന്യ മെയ് വഴക്കത്തോടെ തിരമാലകൾക്ക് മീതെ നീന്തിതുടിക്കുന്ന മറ്റുചിലർ,

ദിവസങ്ങളോളം നിർത്താതെ പറക്കാനും പറക്കുന്നതിനിടയിൽ പോലും ഉറങ്ങാനും കഴിവുള്ള മറ്റു ചില പക്ഷികൾ……

ദേശാടനം ചെയ്തെത്തുന്ന ചില പക്ഷികൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയാണ് അറബിക്കടലിൽ എത്തുന്നത്.  അൻ്റാർട്ടിക്കയിലും ചുറ്റുമുള്ള ദ്വീപുകളിലും പ്രജനനം നടത്തുന്ന സൗത്ത് പൊളാർ സ്ക്കുവാ പോലുള്ള അപൂർവയിനം പക്ഷികൾ കൗതുകമുണർത്തുന്ന കാഴ്ച തന്നെയായിരുന്നു.

യാത്ര തുടരവെ, ദൂരെ ഒരു പക്ഷിക്കൂട്ടം എന്തിനെയോ വട്ടമിട്ട് പറക്കുന്നത് കണ്ടു. അടുത്ത് ചെന്നപ്പോൾ ചത്തു പൊങ്ങിയ ഒരു വലിയ കടലാമയുടെ ജഡം. പലതരം കടൽപക്ഷികളെ ഒന്നിച്ചു കണ്ട ആവേശത്തിൽ കമറക്കണ്ണുകൾ നിർത്താതെ ചിത്രങ്ങളെടുത്തുകൊണ്ടിരുന്നു. Common Terns, Storm Petrels, Shearwaters, Skuas…. കരയിൽ ഒരിക്കലും കാണാൻ കഴിയാത്ത അപൂർവ്വയിനം കടൽപക്ഷികളുടെ അത്ഭുത ലോകം. ഞങ്ങൾ കണ്ടതിൽവെച്ച് ഏറ്റവും കൂടുതൽ ഇനം Wilson’s Storm Peterels പക്ഷിയായിരുന്നു – 374 എണ്ണം.

ഏതാണ്ട് 150 കിലോമീറ്റർ യാത്രക്കോടുവിൽ  വൈകുന്നേരം 6 മണിക്ക് യാത്ര അവസാനിക്കുമ്പോൾ  23 വ്യത്യസ്ത ഇനങ്ങളിൽ പെട്ട 744 പക്ഷികളെ ടീം കണ്ടെത്തി.

കൗതുകതിനപ്പുറം, കടൽ അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളുടെ നേർകാഴ്ചകളിലേക്ക് കൂടിയായിരുന്നു ഈ യാത്ര. കണ്ടുമുട്ടിയ പക്ഷികളിൽ ഏതാണ്ട് പൂർണമായും തന്നെ ആഴക്കടലിൽ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളിലോ തെർമോകോൾ ഷീറ്റ്കളിലോ വിശ്രമിക്കുന്നതായാണ് കണ്ടത്.

നാം അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കടൽ ജീവികളിൽ മാരകമായ കാൻസർ വ്യാപനത്തിന് കാരണമാകുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മൈക്രോപ്ലാസ്റ്റിക് ആയി അത് മത്സ്യങ്ങളിലും പിന്നെ ഭക്ഷണമായി മനുഷ്യരിലേക്ക് തന്നെയും അത് തിരിച്ചെത്തുന്നു. 

സമുദ്രത്തോടും അതിലെ അനന്ത കോടി ജീവജാലങ്ങളോടും  വല്ലാത്തൊരു മതിപ്പ് സമ്മാനിച്ച പരിവർത്തനാത്മക അനുഭവമായിരുന്നു എനിക്കീ യാത്ര.

https://timesofindia.indiatimes.com/blogs/tracking-indian-communities/out-at-sea-a-birds-eye-view

MM__Oct12-R1.indd
Tags: , ,