ഏതാനും വർഷങ്ങൾക്ക് മുമ്പ് എറണാകുളത്ത് ‘കൃതി’ ബുക്ക്‌ ഫെസ്റ്റിവലിൽ വച്ചാണ് വി വി എ ശുക്കൂർ സാഹിബിനെ ഞാൻ ആദ്യമായി നേരിൽ കണ്ടത്. പഠിക്കുന്ന കാലത്ത് ‘യുവസരണി’യുടെ സ്ഥിരം വായനക്കാരനായിരുന്ന എനിക്ക് ആ പേര് വളരെ സുപരിചിതമായിരുന്നു. ആദ്യമായാണ് നേരിൽ കാണുന്നതെങ്കിലും അന്ന് ഒരുപാട് നേരം സംസാരിച്ചാണ് പിരിഞ്ഞത്. പിന്നീട് പലപ്പോഴായി എറണാകുളത്ത് വരുമ്പോൾ കാണുകയോ വിളിക്കുകയോ ചെയ്യുമായിരുന്നു. ഏറ്റവും അവസാനം, ആശയം ബുക്സ് പ്രസിദ്ധീകരിച്ച ‘ബഷീർ: വാർത്തമാനത്തിന്റ ഭാവി’ എന്ന പുസ്തകത്തിന്റെ പുനഃപ്രകാശന ചടങ്ങിൽ വച്ചാണ് നേരിൽ കണ്ടത്.

ജസ്റ്റിസ് ശംസുദ്ധീന്റെ ആത്മകഥ പ്രസിദ്ധീകരിച്ചപ്പോഴും അബ്ദുല്ല യൂസുഫലിയുടെ ഖുർആൻ പരിഭാഷയുടെ മലയാള വിവർത്തനം പുറത്തിറങ്ങിയപ്പോഴുമൊക്കെ അവയെക്കുറിച്ചെഴുതാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതൊന്നും പാലിക്കാൻ എനിക്ക് കഴിഞ്ഞില്ല.

ഏതാണ്ട് ഒരു മാസം മുമ്പ്, വൈക്കം മുഹമ്മദ്‌ ബഷീറിനെ കുറിച്ചുള്ള പുസ്തകത്തിന്റെ കോപ്പി ആവശ്യപ്പെട്ടാണ് അവസാനമായി സാഹിബിനെ ബന്ധപ്പെട്ടത്. ബഷീറിനെ കുറിച്ചുള്ള ഷുക്കൂർ സാഹിബിന്റെ ഒരു ലേഖനവും പുസ്തകത്തിലുണ്ട്. ബഷീറിനെ കുറിച്ച് മലയാളത്തിലിറങ്ങിയ ഏറ്റവും സമഗ്രമായ പഠനമാണ് ഈ കൃതി. സാഹിബ്‌ എഡിറ്റ്‌ ചെയ്ത ആ പുസ്തകത്തിന്റെ അവസാന അധ്യായങ്ങൾ വായിച്ചു കൊണ്ടിരിക്കെയാണ് ശുകൂർ സാഹിബിന്റെ മരണ വാർത്ത അറിഞ്ഞത്. ഫേസ്ബുക്കിൽ സാഹിബ്‌ എന്തെങ്കിലും പോസ്റ്റ്‌ ചെയ്‍തത് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്…… പക്ഷെ അത് സാഹിബിന്റെ മരണ വാർത്തയായിരുന്നു…… ഒരു ജേഷ്ഠ സഹോദരനെപ്പോലെ മനസ്സിൽ കൊണ്ടു നടന്ന വ്യക്‌തിത്വം. അള്ളാഹു അദ്ദേഹത്തിന്റെ പാപങ്ങൾ പൊറുത്തു കൊടുക്കുകയും സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.