കോളേജ് പഠനകാലത്താണ് പ്രബോധനം വായിച്ച് തുടങ്ങിയത്. അത് ഇന്നും തുടരുന്നു. പലപ്പോഴായി പ്രബോധനത്തിന്റെ താളുകളിൽ എഴുതാനും അവസരം ഉണ്ടായിട്ടുണ്ട്. എന്നും സംഘടനകളുടെ വേലിക്കെട്ടിന് പുറത്ത് ജീവിച്ച എനിക്ക് പ്രബോധനത്തോടൊപ്പം, ശബാബ്, അൽമനാർ, വിവേകം തുടങ്ങിയ ഇതര സംഘടനകളുടെ പ്രസിദ്ധീകരണങ്ങൾ വീട്ടിൽ വരുത്താനും വായിക്കാനും ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.

അന്നും ഇന്നും, ഏറ്റവും നല്ല മലയാള ഭാഷ ഉപയോഗിക്കുന്ന മുസ്‌ലിം പ്രസിദ്ധീകരണം പ്രബോധനം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന് കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങൾ ഈ രംഗത്ത് ബഹുദൂരം മുന്നേറിയിട്ടുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.

വീക്ഷണ വ്യത്യാസങ്ങളുള്ള ഇതര മുസ്‌ലിം സംഘടനകളെ വിമർശിക്കുമ്പോൾ മാന്യമായ ഭാഷ പ്രബോധനം എന്നും കാത്ത് പോന്നിട്ടുണ്ട്. ഈ രംഗത്ത് സുന്നി, സലഫി പ്രസിദ്ധീകരണങ്ങൾ പാതാള നിലവാരത്തിലായിരുന്നു അന്നൊക്കെ.

സുന്നി, സലഫി പണ്ഡിതരുടെ അഭിമുഖങ്ങളും ചരമ കുറിപ്പുകളും പലപ്പോഴായി പ്രബോധനത്തിൽ വായിച്ചിട്ടുണ്ട്. ജമാഅത്ത് നേതാക്കളെ കുറിച്ച് അത്തരത്തിലൊന്ന് ഇതര സംഘടനകളുടെ പ്രസിദ്ധീകരണ ങ്ങളിൽ ഇന്നേവരെ കണ്ടിട്ടില്ല!

അറബ് ലോകത്തിന് പുറത്ത് യൂറോപ്പിലും, ആഫ്രിക്കയിലും, അമേരിക്കയിലുമൊക്കെ മുസ്‌ലിം സമൂഹങ്ങൾ ഉണ്ടെന്നും അവരൊക്കെ മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തുമ്പോഴും വിശാലമായ ഈ ഉമ്മത്തിന്റെ ഭാഗമാണെന്നും പഠിപ്പിച്ചത് പ്രബോധനം തന്നെയാണ്.

മുക്കാൽ നൂറ്റാണ്ട് മുടങ്ങാതെ നിലനിന്നു എന്നത് തന്നെയാണ് പ്രബോധനത്തിന്റെ ഏറ്റവും വലിയ നേട്ടം. ഇനിയുമൊരുപാട് കാലം കേരളീയ സമൂഹത്തിന് വഴിവെളിച്ചമാകാൻ പ്രബോധനത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.

Tags: , ,