അധികാരത്തിന്റെ ധാർഷ്ട്യമുപയോഗിച്ച് എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും ചൊല്പടിക്ക് നിർത്തുകയും സർവ്വ സീമകളും ലംഘിച്ച് വർഗ്ഗീയ വിഷം ചീറ്റുകയും ചെയ്ത ഒരു ഏകാധിപതിയുടെ കൈകളിൽ നിന്ന് ജനാധിപത്യ ഇന്ത്യയെ രക്ഷിച്ചെടുത്തു എന്നത് തന്നെയാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പിന്റെ ഏറ്റവും കാതലായ വശം. ജീവസ്സുറ്റ ഒരു ജനാധിപത്യം (vibrant democracy) ഇവിടെ നിലനിൽക്കുന്നു എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ഗംഭീര പ്രകടനം.

എങ്കിലും, ആഹ്ലാദത്തിമിർപ്പിൽ നാം മറക്കാൻ പാടില്ലാത്ത ചിലതുണ്ട്. രാഷ്ട്രീയധികാരം ഹിന്ദുത്വത്തിന്റെ അനിവാര്യ ഘടകമല്ല. 1925 മുതൽ 2014 വരെ RSS അജണ്ടകൾ നടപ്പിലാക്കിയത് അധികാരത്തിന്റെ പിൻബലത്തിലല്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ അധികാരത്തിലേറ്റിയ കർണ്ണാടക ഈ തെരഞ്ഞെടുപ്പിൽ ബി ജെ പി ക്കൊപ്പമാണ് നിന്നത്. ഏറെ പ്രതീക്ഷിച്ച ബീഹാറും അത് തന്നെ ചെയ്തു. ഡൽഹി പൂർണ്ണമായി ബി ജെ പിയെ പിന്തുണച്ചു.

സുരേഷ് ഗോപിയുടെ ഒരു സീറ്റിനെക്കാൾ അപകടകരമായ സൂചനയാണ് 15ൽ നിന്ന് 19 ശതമാനത്തിലേക്ക്കുള്ള ബി ജെ പി യുടെ വോട്ട് ശതമാനത്തിലെ വളർച്ച.

നേടിയ വിജയം ഒരു ബ്ലാങ്ക് ചെക്കല്ല എന്നർത്ഥം. ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെയും മതേതര മനസ്സിനെയും കാത്തു രക്ഷിക്കാനുള്ള നിതാന്ത ജാഗ്രതയാണ് ഇനി നമുക്കാവശ്യം.