“പൗരവകാശങ്ങളും നീതിയും ഉറപ്പു നൽകുന്ന ഭരണകൂടങ്ങൾക്ക് വേണ്ടി വാദിക്കുന്ന, രാഷ്ട്രീയ ബോധമുള്ള സമൂഹങ്ങൾ മുസ്ലിം ലോകത്ത് കൂടുതൽ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കും. ആധുനിക മതേതര മൂല്യങ്ങളെക്കാൾ, വിശ്വാസി സമൂഹമെന്ന ധാർമിക നിലപാടായിരിക്കും ഇത്തരം പോരാട്ടങ്ങൾക്ക് മുഖ്യ പ്രചോദനമാവുക.”
അറബ് വസന്തത്തിന് ശേഷമുള്ള മുസ്ലിം ലോകത്തെ വിലയിരുത്തവെ പ്രശസ്ത ചിന്തകൻ പങ്കജ് മിശ്ര നടത്തിയ നിരീക്ഷണണിത്. (From the Ruins of Empire, 2012).
‘രാഷ്ട്രീയ’ ഇസ്ലാമിനെ എതിർക്കുമ്പോൾ തന്നെ, സാധാരണക്കാരായ മുസ്ലിംകളിൽ നല്ലൊരു ശതമാനവും ഇസ്ലാമിന്റെ മഹിത മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹം പുലർന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷെ, അത് എങ്ങനെ പ്രയോഗവൽക്കരിക്കപ്പെടും എന്ന കാര്യത്തിൽ ഇരുത്തം വന്ന പ്രസ്ഥാനങ്ങൾക്ക് പോലും വലിയ നിശ്ചയമില്ല എന്നതാണ് വസ്തുത. ‘ഇസ്ലാമാണ് പരിഹാരം’ എന്ന മുദ്രാവാക്യത്തിനപ്പുറം, ആധുനിക ലോകത്ത് ഒരു പ്രായോഗിക മാതൃക സമർപ്പിക്കാൻ മുസ്ലിം ലോകത്തിന് ഇത് വരെ സാധിച്ചിട്ടില്ല. ഇറാൻ, അഫ്ഘാൻ, അറബ് വിപ്ലവങ്ങൾ വലിയ നിരാശയാണ് ബാക്കിയാക്കിയത്.
ആധുനിക ജനാധിപത്യ മതേതര മൂല്യങ്ങളുടെ അടിത്തറയിൽ മുസ്ലിം സമൂഹങ്ങളെ പുനർനിർമ്മിക്കാനുള്ള സെക്യുലറിസ്ററ് ശ്രമങ്ങളും പരാജയാമായിരുന്നു. ആധുനികതയുടെ പേരിൽ പൊതു ജീവതത്തിൽ നിന്ന് മതത്തെ അപ്പാടെ മാറ്റിനിർത്താനാണ് ഇത്തരം ഭരണകൂടങ്ങൾ കാര്യമായി ശ്രമിച്ചത്.
മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് ആധിപത്യമുള്ള വാർത്തമാനലോകത്ത് ഇസ്ലാമിനെ എങ്ങനെ പ്രയോഗ വൽക്കരിക്കണമെന്നതാണ് ലോകത്തെ എല്ലാ ഇസ്ലാമിക പ്രസ്ഥാങ്ങളും നേരിടുന്ന വലിയ പ്രതിസന്ധി. മതം സാമൂഹിക വ്യവഹാരങ്ങളിൽ ഇടപെടേണ്ടതില്ലെന്ന് വാദിക്കുന്ന ‘മതേതര’ മുസ്ലിംകൾക്കും ആചാര നിബദ്ധമായ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന സമ്പ്രദായിക മുസ്ലിംകൾക്കും ഈ പ്രതിസന്ധി ഇല്ല.
സ്ഥല കാല ഭേദങ്ങൾക്കനുസരിച്ച് സ്വയം പരിവർത്തനത്തിന് വിധേയമാവാനും ജീവിക്കുന്ന കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമായ തന്ത്രങ്ങളും മുന്നൊരുക്കങ്ങളും ചെയ്തു വെക്കാതെയും ഇനിയുള്ള കാലം മുൻപോട്ട് പോവാനാവില്ല എന്ന ഉണർത്തലാണ് ഡോ: അബ്ദുസ്സലാം അഹമ്മദിന്റെ ‘ഇസ്ലാമിക പ്രസ്ഥാങ്ങൾ, വർത്തമാനം, ഭാവി’ എന്ന പുസ്തകത്തിന്റെ കാതൽ.
അതിനുള്ള രൂപരേഖ സമർപ്പിക്കൽ പുസ്തകത്തിന്റെ ലക്ഷ്യമല്ല എന്ന് ഗ്രന്ഥകാരൻ മുൻകൂട്ടി പറയുന്നുണ്ട്.
പുസ്തകം പരിചയപ്പെടുത്തുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളെല്ലാം മുസ്ലിം ഭൂരിപക്ഷ സമൂഹങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സംഘടനകളാണ്, ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി ഒഴികെ. പക്ഷെ, പുസ്തകം വളരെ കുറച്ചേ ഇന്ത്യൻ ജമാഅത്തിനെ നേരിട്ട് പരാമർശിക്കുന്നുള്ളൂ.
ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് തീർത്തും വിഭിന്നമായ ഇന്ത്യൻ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന്, അതിന് ഉതകുന്ന നയനിലപാടുകളും പ്രവർത്തന രീതികളും വേണ്ടിവരും. അത് പക്ഷെ, പോളിസി പ്രോഗ്രാമിലെ ക്രമനമ്പരുകൾ മാറ്റിയാൽ തീരാവുന്നതല്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ധീരവും സമൂലവുമായ ഒരു പൊളിച്ചെഴുത്താണ് ആവശ്യം. പക്ഷെ അത്തരമൊരു നീക്കം ഉണ്ടാക്കിയെക്കാവുന്ന പ്രത്യാഘാത ങ്ങൾ ചെറുതായിരിക്കില്ല എന്ന ആശങ്കയും പുസ്തകം പങ്ക് വെക്കുന്നുണ്ട്.
ഒരു സമൂഹമെന്ന നിലക്ക്, ഇന്ത്യൻ മുസ്ലിംകൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഹിന്ദുത്വ ഫാഷിസം തന്നെയാണ്. ഹിന്ദുത്വം ഒരു രാഷ്ട്രീയ ശക്തി അല്ലാതിരുന്ന കാലത്തും സംഘപരിവാരം അതിന്റെ അജണ്ടകൾ കൃത്യമായി നടപ്പിലാക്കിപ്പോന്നിട്ടുണ്ട്. മോഡി ഭരണം അതിന്റെ ആക്കം കൂട്ടി എന്ന് മാത്രം.
ഭരണഘടനാ സ്ഥാപനങ്ങളെ മുഴുക്കെ നോക്കുകുത്തികളാക്കി ഫാഷിസം അരങ്ങ് തകർക്കുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാനേ ഇന്ന് മുഖ്യധാരാ രാഷ്ട്രീയ സംഘടനകൾക്ക് പോലും സാധിക്കുന്നുള്ളൂ.
സമീപ ഭാവിയിൽ നടന്നേക്കാവുന്ന മുസ്ലിം വംശീയ ഉന്മൂലനത്തെ കുറിച്ച് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പുകൾ കാര്യങ്ങൾ എത്രത്തോളം കലുഷിതമാണെന്ന് കാണിക്കുന്നുണ്ട്.
ഈയൊരു സന്നിഗ്ദ്ധ ഘട്ടത്തിൽ, ചകിതരായ സമുദായത്തിന് ആത്മ വിശ്വാസം പകാരനും ഫാഷിസ്റ്റ് ഭീഷണിയെ ഫലപ്രദമായി ചെറുക്കാനും കഴിയുന്ന ഒരു വിഭാഗത്തെയാണ് സമുദായം പ്രതീക്ഷിക്കുന്നത്.
“ഇസ്ലാമിക പ്രബോധനമെന്ന അടിസ്ഥാന ദൗത്യത്തെയും സമുദായത്തിന്റെ നിലനിൽപ് എന്ന യഥാർഥ്യത്തെയും അജണ്ടയിൽ എവിടെയാണ് അടയാളപ്പെടുത്തേണ്ടത് എന്ന് നിർണ്ണയിക്കുവാൻ ആഴത്തിലുള്ള ആലോചനകൾ വേണ്ടിവരും. ഒരു നൂറ്റാണ്ടു കാലത്തെ ആലോചനകളും ആസൂത്രണങ്ങളും തീരുമാനങ്ങളുമാണ് ഇന്ന് രാജ്യത്ത് സംഘ്പരിവാർ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. അതിനെ നേരിടാൻ അതിനോട് കിടപിടിക്കുന്ന ആസൂത്രണങ്ങളും സ്ട്രേറ്റജിയും വേണ്ടിവരും. വലിയൊരു ദൗത്യമാണത്. ഇന്ത്യയിലെ മുസ്ലിം നേതൃത്വം ആ ദൗത്യമേറ്റെടുക്കാൻ ഇതുവരെയും പ്രാപ്തി പ്രകടിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇസ്ലാമികപ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വം സ്വാഭാവികമായും വർധിക്കുന്നു.”(പേജ് 113).
ഇന്ത്യൻ മുസ്ലിംകൾക്ക് ഒരു ഏകീകൃത നേതൃത്വം ഒരു വിദൂര സ്വപ്നം മാത്രമായിരിക്കെ, മുസ്ലിംകൾക്കിടയിലെ ന്യൂനാൽ ന്യൂനപക്ഷമായ ജമാഅത്തെ ഇസ്ലാമിക്ക് മാത്രമായി എന്താണ് ചെയ്യാനാവുക എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു.
ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ ജനാധിപത്യ രാഷ്ട്രീയ ഘടനയിൽ ക്രിയാത്മകമായി ഇടപെടുകയും ഹിന്ദുത്വ ഭീകരതയെ ഫലപ്രദമായി ചെറുത്ത് തോൽപിക്കാനുള്ള വഴികൾ സ്വയം കണ്ടെത്തുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഭാവി, അല്ല….. ഇന്ത്യൻ മുസ്ലിംകളുടെ ഭാവി തന്നെ ഈ രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.