അറിവും അനുഭവങ്ങളും ചാലിച്ച് ആറ്റിക്കുറുക്കിയെടുത്ത വരികൾ…. ഈ കുറിപ്പുകളെ ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാവില്ല. വിങ്ങുന്ന മനസ്സുകൾക്ക് ഒരു അമൃത ലേപനം പോലെ അനുഭവപ്പെടുന്നു അതിന്റെ വായന.
അത്തറിന്റെ സുഗന്ധമുള്ള ആത്‍മീയതയുടെ നൈർമല്യം നിറഞ്ഞു നിൽക്കുന്നു ഓരോ കുറിപ്പിലും. മനുഷ്യനും പ്രകൃതിയും പടച്ചവനും താളാത്മകമായി ലയിക്കുന്ന ഒരു സംസ്കാരത്തിന്റെ ചോർന്നു പോയ മൂല്യങ്ങളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ, ആ താളം തെറ്റുമ്പോൾ വ്യക്തിയും സമൂഹവും അനുഭവിക്കുന്ന വിഹ്വലതകൾ……അവയുടെ വാങ്മയ ചിത്രങ്ങളാണിതിൽ.
പ്രവാസിയായി ഖത്തറിൽ ജോലിചെയ്യുന്ന ഡോ: ജഅഫർ തന്റെ ജീവിത വഴിയിൽ പലപ്പോഴായി കണ്ടു മുട്ടിയ മനുഷ്യരുടെ ആത്മവ്യഥകളെ ഒപ്പിയെടുത്തു അവതരിപ്പിക്കുന്നുണ്ട് ചില കുറിപ്പുകളിൽ. എല്ലാ ഭൗതിക ഐശ്വര്യങ്ങൾക്കിടയിലും ഉള്ളം വരണ്ടുണങ്ങി നശിച്ചുപോകുന്ന ആധുനിക മനുഷ്യന്റെ ആധികൾക്ക് അറുതി വരുത്താൻ ഉള്ളുറപ്പുള്ള ആത്‍മീയതയാണ് മറുമരുന്നെന്ന് ഈ രചനകൾ ഓർമ്മപ്പെടുത്തുന്നു.
ദുഃഖത്തിന്റെ മഹാസാഗരങ്ങൾ ഉള്ളിലൊളിപ്പിച്ചു ജീവിക്കുന്ന സഹജീവികളുമായി നടത്തുന്ന ഉള്ളുതുറന്ന വർത്തമാനങ്ങൾ അറിവിന്റെ ശകലങ്ങൾ കോർത്തിണക്കി എഴുതിയ ചില കുറിപ്പുകൾ വായനക്കാരിൽ പ്രത്യാശയുടെ കുളിർ കോരി ഒഴിക്കുമെന്ന് തീർച്ച.
യാത്രകളുടെ ഭാഗമായി കണ്ട് മുട്ടിയ മനുഷ്യരെയും ചരിത്ര സ്ഥലങ്ങളെയും ചരിത്രത്തിന്റെ ചേരുവകൾ ചേർത്തു വെച്ചു എഴുതിയ യാത്രാവിവരണങ്ങൾ കേട്ട് തഴമ്പിച്ച യാത്ര കുറിപ്പുകളിൽ നിന്ന് വേറിട്ടു നിൽക്കുന്ന വായനാനുഭവം നൽകും.
എന്നാൽ ആരെയും അലോരസപ്പെടുതാത്ത വെറും സാരോപദേശ സമാഹാരവുമ ല്ലിത്. ചുറ്റുപാടുകളിലേക്ക് കണ്ണും കാതും തുറന്നുവെച്ച ഒരു നിരീക്ഷകന്റെ മൂർച്ചയുള്ള വിമർശനങ്ങളും പുസ്തകത്തിലുണ്ട്. “ഡോക്കി ൻസിന്റെയും സാം ഹാരിസിന്റെയും ഹിച്ചൻസന്റെയും മഹത്തായ കൃതികൾ വായിച്ച് ഉത്ഭുദ്ധരായ നവ നാസ്തിക മാനവ വാദികൾ ഇസലാമും ചിത്തരോഗവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നീണ്ട ഉപന്യാസങ്ങൾ രചിക്കും. ഇതൊന്നും മനസ്സിലാക്കാനാവാതെ നാട്ടിൻ പുറത്തെ മാപ്പിളമാർ സ്വന്തം വിധിയെ പഴിച്ചും ഖിയാമത്ത് അടുത്ത് വരുന്നു എന്ന് സ്വയം ആശ്വസിച്ചും മാപ്പ് സാക്ഷികളാ യും കാലം കഴിക്കും. പിന്നെ എല്ലാ മുസ്‌ലിം ബഹുജന സംഘടനകളും ചേർന്ന് ഇസ്‌ലാം ചിത്തരോഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന വിഷയത്തിൽ ആഴ്ചകൾ നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. സമാപന സമ്മേളനത്തിൽ ബുദ്ധി ജീവികൾ ഇസ്‌ലാമും മുസ്‌ലിംകളും പൂർണ്ണമായി മോശമല്ല എന്നും ചില മാനുഷിക ഗുണങ്ങൾ അവർക്കുമുണ്ടെന്നും വിധിയെഴുതും”……. കൊള്ളേണ്ടിടത്ത് കൊള്ളാൻ ഈ വരികളിൽ ധാരാളം.
IPB books പ്രസിദ്ധീകരിച്ച ഡോ ജഅഫർ എ പി യുടെ ‘മലകളുടെ മൗനം’ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ ലഭ്യമാണ് എന്നാണറിവ്. വേറിട്ട വായന ഇഷ്ടപ്പെടുന്നവർ നിരാശപ്പെടേണ്ടി വരില്ല എന്നുറപ്പ്.