1996 ആഗസ്ത്. മലബാർ സമരത്തിന് മുക്കാൽ നൂറ്റാണ്ട് തികഞ്ഞ സമയം. അന്ന് കോളേജ് വിദ്യാർത്ഥിയായിരുന്ന ഞാൻ വാരാധ്യമാധ്യമത്തിൽ സമരത്തെ കുറിച്ച് ഒരു ഫീച്ചർ എഴുതിയിരുന്നു. വിവര ശേഖരണത്തിന്റെ ഭാഗമായി സമര ഭൂമിയായിരുന്ന തിരൂരങ്ങാടിയിലെ പോരാളികളുടെ പിൻ തലമുറയിൽപെട്ട പല കുടുംബങ്ങളെയും നേരിൽ കണ്ട് സംസാരിച്ചു. അക്കൂട്ടത്തിൽ അന്നത്തെ പ്രമുഖ ഹിന്ദു തറവാട്ടിലെ അവശേഷിക്കുന്ന കണ്ണിയും കാരണവരും ആയിരുന്ന കാപ്രാട്ട് കുട്ടിരാമൻ നായരേയും നേരിൽ കണ്ടിരുന്നു.
ചെമ്മാട് പട്ടണത്തിലെ പ്രമുഖ ആധാരം എഴുത്ത് കാരനായിരുന്നു കുട്ടിരാമൻ നായർ. സമരത്തിന്റെ ദൃക്സാക്ഷികളിൽ അന്ന് ജീവിച്ചിരിപ്പുള്ള അപൂർവ്വം ചിലരിൽ ഒരാൾ. അദ്ദേഹത്തിന്റെ അച്ഛൻ ഇട്ടി രാരപ്പൻ നായർ സജീവ കോണ്ഗ്രസ് പ്രവർത്തകനായിരുന്നു. സംഭവ സമയത്ത് കുട്ടിരാമൻ നായർക്ക് 13 വയസ്സാണ് പ്രായം. 25 വർഷം മുൻപ് അദ്ദേഹം എന്നോട് നേരിട്ട് പറഞ്ഞ വാക്കുകൾ ഇവിടെ പകർത്തട്ടെ.
“ലഹള പടർന്നു പിടിച്ചതോടെ അച്ഛൻ എന്നെയും സഹോദരി ഇട്ടിച്ചിര അമ്മയെയും തിരൂരിലേക്ക് പറഞ്ഞയച്ചു. അവിടെ ഒരു മുസ്ലിം അധ്യാപകന്റെ കെട്ടിടം വാടകക്കെടുത്താണ് താമസിച്ചത്. എളനാട്ടിൽ കമ്മുക്കുട്ടി എന്നൊരാളുടെ കടയിൽ നിന്ന് അരി വാങ്ങാനുള്ള ഏർപ്പാടും ചെയ്തു തന്നു. ലഹള അടങ്ങിയ ശേഷമാണ് ഞങ്ങൾ തിരൂരങ്ങാടിയിലേക്ക് മടങ്ങി വന്നത്. തനിക്കോ കുടുംബത്തിനോ ലഹളക്കാരിൽ നിന്നു ഒരു ഉപദ്രവവും ഉണ്ടായിട്ടില്ല. ഞങ്ങൾ തിരിച്ചു വന്നപ്പോൾ ഒരു പോറൽ പോലും ഏൽക്കാതെ വീടും പറമ്പും ബാക്കിയുണ്ടായിരുന്നു. ഏതാനും ഇളനീർ തൊണ്ടുകൾ പറമ്പിൽചിതറിക്കിടന്നിരുന്നതല്ലാതെമറ്റു നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. തന്നെയോ കുടുംബത്തെയോ ആരുംമതപരിവർത്തനത്തിന് നിർബന്ധിച്ചിട്ടുമില്ല. പക്ഷെ കിംവദന്തികൾ ധാരാളമായി പ്രചരിച്ചിരുന്നു”.
25 വർഷം മുമ്പ് അദ്ദേഹം വിവരിച്ച അനുഭവങ്ങൾ ഇന്ന് വളരെ പ്രസക്തമാണ്. അന്ന് ‘ഹിന്ദുവംശഹത്യ’ വാദംശക്തമായിരുന്നില്ല. പക്ഷെ ഇന്ന് ധീരമായ ആ സ്വാതന്ത്ര്യസമര അധ്യായം തന്നെ ചരിത്രത്തിന്റെ പടിക്ക് പുറത്ത് നിർത്താനുള്ള പുറപ്പടിലാണ് അഭിനവ ചരിത്ര കാരന്മാർ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പരിസരത്തു പോലും കണ്ടിട്ടില്ലാത്തവരാണ് ഇന്ന് സമര പോരാളികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നത് എന്നതാണ് ഏറ്റവും വലിയ ദുര്യോഗം.
Tags: Mappila revolt, Tirurangadi