ഗുജറാത്ത് കലാപത്തിലെ ഏറ്റവും ദാരുണമായ അദ്ധ്യായങ്ങളിലൊന്നായിരുന്നു ഇഹ്സാൻ ജാഫ്രിയുടെ കൊലപാതകം. ലോക്സഭഎംപി എന്ന പദവിയോ അദ്ദേഹത്തിന്റെ ഉന്നത ബന്ധങ്ങളോ ഏറ്റവും അത്യാവശ്യ ഘട്ടത്തിൽ അദ്ദേഹത്തിന്റെ രക്ഷക്കെത്തി യില്ല. ഫാഷിസ്റ്റുകൾ അഹമ്മദാബാദിലെ ഗുൽബർഗ സൊസൈറ്റി ഫ്ലാറ്റിൽ അദ്ദേഹത്തെ ചുട്ടുകൊല്ലുകയായിരുന്നു. കോളേജ് അധ്യാപകനും സാമൂഹിക പ്രവർത്തകനുമായിരുന്നജെഎസ് ബന്ദൂക് വാല തലനാരിഴക്കാണ് മരണത്തിൽനിന്ന് രക്ഷപ്പെട്ടത്. രസകരമായ വസ്തുത, കലാപത്തിന്റെ തൊട്ടു മുൻപ് ആർ ആർ എസ് നടത്തിയ ഒരു സെമിനാറിൽ അദ്ദേഹം പങ്കെടുക്കുകയും സവർക്കരെ പുകഴ്ത്തുകയും ചെയ്തിരുന്നു എന്നതാണ്.
തന്റെ ജീവിതത്തിൽ മായാത്ത മുറി പ്പാടായി അവശേഷിച്ച സമാനമായ മറ്റൊരു സംഭവമാണ് പത്രപ്രവർത്തകയായ ഗസാല വഹാബിനെ തന്റെ സ്വത്വ പ്രതിസന്ധിയെ കുറിച്ച് ചിന്തിക്കാനും എഴുതാനും പ്രേരിപ്പിച്ചത്. പിതാവിന് സമൂഹത്തിൽ ഉന്നത സ്ഥാനവും ബന്ധങ്ങളും ഉണ്ടായിരുന്നെങ്കിലും, അഡ്വാനിയുടെ രഥയാത്രയിൽ നിന്ന് ആവേശം ഉൾകൊണ്ട ഹിന്ദുത്വർ അദ്ദേഹത്തിന്റെ വീട് ആക്രമിച്ചപ്പോൾ ആരും സഹായത്തിനെത്തിയില്ല. മതേതര, മുസ്ലിമെന്ന നിലപാടോ, പുരോഗമന കാഴചപ്പാടുകളോ, ബന്ധങ്ങളോ ഫാഷിസ്റ്റ് അക്രമങ്ങളിൽനിന്ന് രക്ഷനേടാൻ ഉപകരിക്കില്ല എന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്.
ഉന്നത കുടുംബത്തിൽ പിറന്ന ഗസാല ആഗ്രയിലെയും ഡൽഹിയിലെയും എണ്ണപ്പെട്ട സ്ഥാപങ്ങളിലാണ് പഠിച്ചത്. സാധാരണക്കാരായ മുസ്ലിംകളുടെ ജീവിതവുമായി അടുത്ത ബന്ധം ഇല്ലാത്തതുകൊണ്ട് തന്നെ, തൊപ്പിയും പർദ്ധയും ധരിച്ച, വൃത്തിഹീനമായ ചുറ്റുപാടിൽ ജീവിക്കുന്ന മുസ്ലിംകളോട് പുച്ഛമനോഭാവമാണ് അവർക്കുണ്ടായിരുന്നത്. പക്ഷെ പുസ്തക രചനക്ക് വേണ്ടി ഇത്തരം മനുഷ്യരെ അടുത്തറിയാൻ അവർ നിർബന്ധിതരായി. ഇത് തന്റെ നിലപാടുകളെ മാറ്റിമറിച്ചു എന്ന് അവർ തന്നെ സമ്മതിക്കുന്നു.
ദാരിദ്ര്യരെയ്ക്കാളേറെ ഭയമാണ് സമുദായത്തെ ചൂഴ്ന്നു നിൽക്കുന്ന വികാരം എന്നാണ് അവർ കണ്ടെത്തിയത്. ഒരു സമുദായമെന്ന നിലക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ തടസ്സമായി നിൽക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് ഭയമാണ്. വിദ്യാഭ്യാസവുംസംസ്കാരവും നേടി പ്രബുദ്ധരാവുന്നതിനേക്കാൾ പ്രഥമ പരിഗണന സ്വന്തം ജീവനും ജീവനോപാധികളും സംരക്ഷിക്കലാണെന്ന് അവർ വിശ്വസിക്കുന്നു. മുസ്ലിം ചേരികളിലെകൂട്ടായ ജീവിതം താൽക്കാലത്തേക്കെങ്കിലും അവർക്ക് സുരക്ഷിതത്വ ബോധം നൽകുന്നു. ഭരകൂടത്തിന്റെയും അതിന്റ ഏജൻസികളുടെയും ഭാഗത്തു നിന്നുള്ള കടുത്ത വിവേചനവും നീതി നിഷേധവുമാണ് കരകയറാനാവാത്ത പടുകുഴിൽ മുസ്ലിംകളെ നിലനിർത്തുന്ന വലിയൊരു ഘടകമെന്നു ഗസല തിരിച്ചറിയുന്നു.
മോഡി ഭരണകൂടം തുടരുന്ന ഏകപക്ഷീയവും ശത്രുതാ പരവുമായ നയങ്ങൾ മുസ് ലിംകൾക്കിടയിലെ ഭയം ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. മോഡി-യോഗി ഭരണത്തിൻ കീഴിൽ ജീവനും തൊഴിലും സംരക്ഷിക്കാൻ വേണ്ടി ഹിന്ദു പേരുകൾ സ്വീകരിച്ച ഒട്ടേറെ പേരെ കണ്ടു മുട്ടിയതായി ഗ്രന്ഥകർത്താവ് പറയുന്നു.വലവിരിച്ചു നടക്കുന്ന പോലീസിന്റെയും അന്വേഷണ ഏജൻസികളുടെയും കണ്ണിൽ പെടാതിരിക്കാൻ മുസ്ലിം ഐഡന്റിറ്റി മറച്ചു വെച്ച് ജീവിക്കാൻ അവർ നിർബന്ധിതരായിരിക്കുന്നു. അതേസമയം നിരന്തരം പിശാചു വൽക്കരിക്കപ്പെടുന്ന സമുദായം സ്വന്തം അസ്തിത്വവും ചിഹ്നങ്ങളും ഉയർത്തിപ്പിടിച്ചു ചെറുത്തു നിൽക്കാനുള്ള ത്വരയും കാണിച്ചു തുടങ്ങിയിട്ടുണ്ട്. പൗരത്വ നിഷേധത്തിനെതിരെ നടന്ന ബഹുജന സമരം ഉദാഹരണം.
പുസ്തകം പ്രധാനമായും ഇന്ത്യൻ മുസ്ലിംകളെക്കളേറെ ഉത്തരേന്ത്യൻ മുസ്ലിംകളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഉത്തരേന്ത്യയിലെ രാഷ്ട്രീയ സാമൂഹിക മേഖലയിലെ ഒട്ടേറെ പ്രമുഖരുമായി സംവദിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും ശ്രമിച്ച ഗസാല പക്ഷെ തെക്കേ ഇന്ത്യയിലെ മുസ്ലിംകളെക്കുറിച്ചു പേരിന് മാത്രമേ പരാമർശിക്കുന്നുള്ളൂ.
വലിയൊരാളാവോളം ആത്മകഥ പോലെ എഴുതപ്പെട്ട പുസ്തം ഇതിനകം അറിയപ്പെട്ട വസ്തുതകളല്ലാതെ, സമുദായത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചു പുതിയ ഉൾക്കാഴ്ച്ചയൊന്നും നൽകുന്നില്ല. ഒരു ജനാധിപത്യ രാജ്യത്തിലെ പൗരന്മാർ എന്ന നിലക്ക് ഭരണഘടനാ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടങ്ങൾ തുടരുകയാണ് മുന്നോട്ടുള്ള വഴി. ദാരിദ്ര്യ നിർമാർജ്ജനം, വിദ്യാഭ്യാസം, രാഷ്ട്രീയ ശക്തീകാരണം എന്നീ മേഖലകളിൽ ഊന്നിയ ശക്തീകരണ ശ്രമങ്ങളാണ് പുരോഗതിയുടെ പാത.
പക്ഷെ ഭരണകൂടം തന്നെ ശത്രു പക്ഷത്തു നിൽക്കുകയും ഭയം എല്ലാറ്റിനെയും ചൂഴ്ന്നു നിൽക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ എങ്ങനെയാണ് മാറ്റങ്ങൾ ഉണ്ടാവുക എന്ന ചോദ്യം ഉത്തരം കിട്ടാതെ തന്നെ നിൽക്കുകയാണ്.