മാപ്പിള സമുദായം ഇപ്പോഴും അരപ്പട്ട കെട്ടിയും വെള്ളക്കാച്ചി ഉടുത്തും ജീവിക്കണമെന്നാണ് ചിലരുടെയൊക്കെ മോഹം.മാമുക്കോയകഥാപത്രങ്ങൾക്കപ്പുറം മാപ്പിളയെ കാണാൻ കേരളത്തിന്റെ പൊതു(സവർണ്ണ)ബോധം ഇപ്പോഴും വൈമനസ്യം കാണിക്കുന്നു.കോട്ടും സൂട്ടും ആംഗലേയവുമൊക്കെ തങ്ങൾക്ക് നന്നായി വഴങ്ങുമെന്ന് മാപ്പിള പെൺകുട്ടികൾപോലും ഇതിനകം തെളിയിച്ചിട്ടുണ്ട്.പുറത്ത് വരുന്ന ദേശീയ മത്സര പരീക്ഷ റിസൾട്ടുകളിലെ സ്കാർഫിന്റെ സാനിധ്യം വലിയൊരു മാറ്റത്തിന്റെ പ്രകടനമാണ്. ഓടിതുടങ്ങാൻ അല്പം വൈകിപ്പോയതിന്റെ വീറും വാശിയും എങ്ങും പ്രകടമാണിന്ന്. ഇതൊന്നും മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുത്തു നേടിയതല്ല. സ്വയം എഴുന്നേറ്റു നിൽക്കാൻ കാണിച്ച തന്റേടം മാത്രമാണ്.തങ്ങൾക്ക് വേണ്ടി ‘പൊതു’കൾ സംസാരിക്കണമെന്ന ‘മുഖ്യ ധാരാ’ വാദം ഇന്നില്ല. സ്വയം സംസാരിക്കാൻ ഇന്നവർ പ്രാപ്തരാണ്.തൊപ്പിയും താടിയും പർദ്ധയുമൊന്നും വളർച്ചക്ക് തടസ്സമല്ലെന്നു പുതിയ തലമുറ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.മുസ്ലിം സമുദായത്തിൽ വേര് പിടിക്കുന്ന മതബോധം ലവ് ജിഹാദായി മഞ്ഞളിച്ചു കാണുന്ന ആ കണ്ണട മാറ്റിവെക്കുകയാണ് ഇനി വേണ്ടത്.