1947 ഡിസംബറിൽ കറാച്ചിയിൽ വെച്ച് മുസ്ലിം ലീഗ് പിരിച്ചു വിടുമ്പോൾ പാർട്ടി ഫണ്ടിൽ ഉണ്ടായിരുന്ന 40 ലക്ഷത്തിൽ നിന്ന് 17 ലക്ഷം രൂപ ഇന്ത്യയിൽ പാർട്ടി രൂപീകരിക്കാൻ ഇസ്മായിൽ സാഹിബിനു നൽകാൻ തീരുമാനിച്ചു. ധീരനായ ഇസ്മായിൽ സാഹിബ് പണം നിരസിച്ചു കൊണ്ട് പറഞ്ഞു, “ഇന്ത്യയിലെ മുസ്ലിം സമുദായത്തിനും മുസ്ലിം ലീഗിനും ഇനിയുള്ളത് സ്വതന്ത്രവും വ്യത്യസ്തവുമായ വഴിയാണ്. സ്വന്തം നിലയിൽ അതിന്റെ ഭാഗധേയം കണ്ടെത്താൻ പാർട്ടിക്ക് കഴിയണം.”
ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദിത്വം ആരോപിക്കപ്പെട്ട ഒരു സംഘടനയെ പേരിലും നിറത്തിലും ഇന്ത്യയിൽ പുനസ്സംഘടിപ്പിക്കുക എന്ന അസാമാന്യ ധീരകൃത്യമാണ് ഇസ്മായിൽ സാഹിബ് പിന്നീട് കാണിച്ചത്. പക്ഷേ ചരിത്രത്തിന്റെ നാൾ വഴികളിൽ ഈ ആർജ്ജവം ലീഗിന് പിന്നീട് കൈമോശം വന്നു എന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളത്തിൽ മുസ്ലിം ലീഗിനെതരിൽ ഉയർന്നു വന്ന എല്ലാ ഗ്രൂപ്പുകളും ചൂണ്ടി ണ്ടിക്കാണിച്ച ഒരു പോരായ്മയും ഇത് തന്നെയായിരുന്നു. പ്രതിസന്ധികളുടെ നടുക്കഴത്തിൽ മുങ്ങിത്താ ണ സമുദായത്തിന് അഭയമായി മാറാൻ ലീഗിന് പലപ്പോഴും സാധിച്ചില്ല എന്നതും ഒരു വസ്തുതയാണ്.
ഈ പോരായ്മകൾ നിലനിൽക്കെത്തന്നെ, ഇന്ത്യയിൽ മുസ്ലിം രാഷ്ട്രീയശാക്തീകരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. നിയമ വിധേയവും ജനാധിപത്യപരവുമായ മാർഗങ്ങൾ ഉപയോഗിച്ചാണ് ലീഗ് ഇത് വരെ പ്രവർത്തിച്ചിട്ടുള്ളത്. ലീഗിനെപ്പോലെ ജനകീയ അടിത്തറയും അധികാര പങ്കാളിത്തവുമുള്ള മറ്റൊരു മുസ്ലിം രാഷ്ട്രീയ പാർട്ടിയും ഇന്ന് ഇന്ത്യയിൽ വേറെ ഇല്ല. മുഖ്യധാര പാർട്ടികളുമായി അധികാരം പങ്കിടുന്ന രീതിയാണ് ലീഗ് സ്വീകരിച്ചത്.
കോൺഗ്രസുമായും മാർക്സിസ്റ്റ് പാർട്ടികളുമായും അധികാരം പങ്കിടുകവഴി മുസ്ലിം സമൂഹത്തെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാനും ലീഗിന് സാധിച്ചു. അധികാരത്തിൽ ഇല്ലാത്ത സമയത്തും സമുദായത്തിന്റെ മേൽ മേൽക്കൈ സ്ഥാപിക്കാൻ അതിന്റെ വിവിധങ്ങളായ വേദികളിലൂടെ ലീഗിന് സാധിക്കുന്നുണ്ട്. കേരള മുസ്ലിംകളുടെ സർവ്വതോൻമുഖമായ വളർച്ചയിൽ ലീഗിന് അവഗണിക്കാനാവാത്ത പങ്കുണ്ട് എന്ന് എതിരാളികൾ പോലും സമ്മതിക്കുന്ന വസ്തുതയാണ്. മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിക്കരുതെന്നും മതേതര കക്ഷികളുമായി ചേർന്ന് നിൽക്കുകയാണ് വേണ്ടത് എന്നുള്ള വാദം ഇന്നും ശക്തമാണ്. മുസ്ലിംകൾ സ്വയം സംഘടിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തീവ്രവാദമായും വിഘടന വാദമായും ചിത്രീകരിച്ചു പിശാച് വൽക്കരിക്കാനാണ് മതേതര കക്ഷികൾ എന്ന് അവകാശപ്പെടുന്നവർ എന്നും ശ്രമിച്ചു പോന്നിട്ടുള്ളത്.
ലീഗ് അടക്കമുള്ള മുസ്ലിം രാഷ്ട്രീയ ഗ്രൂപ്പുകളെ വർഗീയ, തീവ്രവാദ കക്ഷികളായിട്ടാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്നും കാണുന്നത്. ഈ പശ്ചാത്തലത്തിൽ ലീഗ് പ്രസക്തമായ ഒരു ബദൽ ആണ് എന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, തൊണ്ണൂറ്കളോടെ ശക്തി പ്രാപിച്ച സാമ്രാജ്യത്വ അജണ്ടകളും അത് സമുദായത്തിൽ ഉണ്ടാക്കിയ പ്രതികാരണങ്ങളെയും വേണ്ട രീതിയിൽ തിരിച്ചറിയാൻ ലീഗിന് സാധിച്ചില്ല.
ഫാസിസ്റ്റു ഭീഷണികൾക്കും ഇസ്ലാം ഭീതിക്കുമെതിരിൽ ഉയർന്നു വന്ന എല്ലാ പ്രതികരണങ്ങളെയും ങ്ങളെയും തീവ്രവാദത്തിന്റെ ലേബലൊട്ടിച്ചു തകർക്കാനാണ് ലീഗ് ശ്രമിച്ചത്. ബാബരി മസ്ജിദ് തകർച്ചയുടെ നിർണ്ണായക ഘട്ടത്തിലും പിന്നീട് കോ ലീ ബി സഖ്യ കാലത്തും ലീഗ് സമുദായ താല്പര്യങ്ങളെ ബലികഴിച്ചു എന്ന് പല പഠനങ്ങളും ചൂണ്ടി കാണിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലത്ത് അപ്രതീക്ഷിതമായി കയ്യിൽ കിട്ടിയ എൻ പി ചെക്കുട്ടിയുടെ പുസ്തകം വലിയ ആവേശത്തോടെയാണ് വായിച്ചു തീർത്തത്. മുസ്ലിം ലീഗിന്റെ ചരിത്രം പലതവണ എഴുതപ്പെട്ടിട്ടുണ്ട്. അവയിൽ മിക്കതും നേതാക്കളെ മഹത്വവൽക്കരിക്കുന്ന കൃതികളാണ്. ജനാധിപത്യ പ്രക്രിയയിൽ സജീവമായി ഇടപെടുന്ന ഒരു സാമൂഹിക രാഷ്ട്രീയ ശക്തി എന്ന നിലയിൽ അതിനെ വിമർശനാത്മകമായി അപഗ്രഥിക്കുന്ന പഠനങ്ങൾ അപൂർവ്വമാണ്. ഇത്തരത്തിലുള്ള ഗൗരവ പൂർവ്വമായ രചനയാണ് പ്രശസ്ഥ പത്രപ്രവർത്തകൻ എൻ പി ചെക്കുട്ടി എഴുതിയ ‘മുസ്ലിം ലീഗ് കേരള ചരിത്രത്തിൽ’ എന്ന കൃതി. ഇന്ത്യൻ മുസ്ലിംകളെ കുറിച്ച് ഗഹനമായ ഒട്ടേറെ ഗവേഷണങ്ങൾ നടത്തിയിട്ടുള്ള ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജെക്റ്റീവ് സ്റ്റഡീസ് ആണ് പ്രസാധകർ.
മുസ്ലിം ലീഗ്: വെല്ലുവിളികൾ മറികടന്ന മുന്നേറ്റം
പാർട്ടിക്കകത്തുണ്ടായ അധികാര വടംവലികളുടെ ഫലമായാണ് 1975ൽ ലീഗ് രണ്ടായിപ്പിളർന്നു അഖിലേന്ത്യ ലീഗ് ഉണ്ടായത്. എന്നാൽ ശരീഅഃത്ത് വിവാദം ഗ്രൂപ്പുകളെ വീണ്ടും ഒന്നിപ്പിച്ചു.ബാബരി മസ്ജിദ് വിഷയത്തിൽ ലീഗ് സ്വീകരിച്ച കോണ്ഗ്രസ് അനുകൂല നിലപാടാണ് 1994ൽ സുലൈമാൻ സേട്ട് സാഹിബിന്റെ നേതൃത്വത്തിൽ INL ന്റെ പിറവിക്ക് കാരണമായത്.
പിളർപ്പുകൾ തല്ക്കാലത്തേക്കെങ്കിലും പാർട്ടിക്ക് ദോഷം ചെയ്തു എന്നതിൽ തർക്കമില്ല. പക്ഷേഅടിയന്തിരാവസ്ഥയെ പിന്തുണച്ച പാർട്ടി നിലപാടാണ് ലീഗിന് ദേശീയ തലത്തിൽ വലിയ നഷ്ടം വരുത്തയത് എന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. ബാബരി തകർച്ചയുടെ പ്രതിസന്ധി ഘട്ടത്തിലും പാർട്ടി പൂർണ്ണമായ കോണ്ഗ്രസ് വിധേയത്വം കാണിച്ചതും ലീഗിനെ ദോഷകരമായി ബാധിച്ചു.
ഈ നിലപാടുകൾ ലീഗിന് സമുദായത്തെക്കാൾ വലിയത് അധികാര താല്പര്യങ്ങളാണ് എന്ന് തോന്നൽ സമുദായത്തിനകത്തു ശക്തമാകാൻ കാരണമായി. ഈ രണ്ടു വീഴചകളും തുറന്നു സമ്മതിക്കാനോ തിരുത്താനോ പാർട്ടി ഇത് വരെ തയ്യാറായിട്ടില്ല.
ദേശീയ തലത്തിൽ നാമാവശേഷമായ ലീഗിന് ഇപ്പോൾ കേരളത്തിൽ മാത്രമാണ് അടിവേരുള്ളത്. ഇടത്പക്ഷത്തേക്കുള്ള തിരിച്ചു പോക്ക് ഏതാണ്ട് അസാധ്യമായിരിക്കെ കോണ്ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നത് ആത്മഹത്യപരമായിരിക്കും എന്നത് തീർച്ചയാണ്.
അതേ സമയം കേരളത്തിലും ഉത്തര ദേശത്തും ഉയർന്നു വന്ന മുസ്ലിം സ്വത്വ രാഷ്ട്രീയ ഗ്രൂപ്പുകൾ ശക്തി പ്രാപിക്കാനും തുടങ്ങിയത് ലീഗിന് പുതിയ വെല്ലുവിളി കൾ ഉയർത്തുന്നുണ്ട്. അസദുദ്ധീൻ ഉവൈസിയുടെ MIM, ഉത്തർപ്രദേശിലെ പീസ് പാർട്ടി, ആസാമിലെ AIUDF ബംഗാളിലെ ISF കൂടാതെ ദേശീയ സാനിധ്യമുള്ള SDPI, വെൽഫയർ പാർട്ടി തുടങ്ങിയ കക്ഷികൾ വളർച്ചയുടെ പാതയിലാണ്. പക്ഷെ ലീഗിന്റെ കോട്ടകൾ പിടിച്ചടക്കാൻ മറ്റുള്ളവവർ നടത്തിയ ശ്രമങ്ങളെ പാർട്ടി ശക്തമായി തന്നെ എതിർത്തു തോൽപ്പിച്ചിട്ടുണ്ട്. സംസ്ഥാന സമ്മേളനം നടത്തി മലപ്പുറം ചുവപ്പിക്കാനുള്ള CPM ശ്രമം പാളി എന്ന് പിന്നീടുള്ള തെരഞ്ഞെടുപ്പുകൾ തെളിയിച്ചു. പക്ഷെ നവ സാമൂഹിക പ്രസ്ഥാനങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ രാഷ്ട്രീയ അടവുകൾ മാത്രം മതിയാവില്ല എന്നത് തീർച്ചയാണ്.
നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രസക്തി
തൊണ്ണൂറുകളിൽ ശക്തി പ്രാപിച്ച ഹിന്ദുത്വ രാഷ്ട്രീയവും തുടർന്നുണ്ടായ ബാബരി മസ്ജിദിന്റെ തകർച്ചയും ന്യൂനപക്ഷങ്ങൾക്കിടലിൽ കടുത്ത അരക്ഷിതാ വസ്ഥയാണ് ഉണ്ടാക്കിയത്. ആഗോള തലത്തിൽ ഉയർന്നുവന്ന ഭീകരത വിരുദ്ധ പോരാട്ടവും ലക്ഷ്യം വെച്ചത് മുസ്ലിംകളെ ആയിരുന്നു. ഈ ആശങ്കകൾ അകറ്റുന്നതിൽ സാമ്പ്രദായിക മത, രാഷ്ട്രീയ കക്ഷികൾ വമ്പിച്ച പരാജയമായിരുന്നു.
പോലീസും അന്വേഷണ ഏജൻസികളും ഭരണകൂടവും പടച്ചുവിട്ട ഭീകര കഥകൾ അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ എല്ലാവരും പരസ്പരം മത്സരിച്ചു. അവസാനം ‘തീവ്രവാദ വിരുദ്ധ’ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളികർ വരെ ഭരണ കൂടത്തിന്റെ ചാപ്പ കുത്തലിന് വിധേയമാവും വരെ മുസ്ലിം സംഘടനകൾ ഈ പോരാട്ടത്തിൽ ഒന്നിച്ചു അണിചേരുന്ന കാഴ്ചയാണ് കേരളത്തിൽ കണ്ടത്.
ആശങ്കാജനകമാംവിധം വർഗ്ഗീയവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെയും മുഖ്യധാരാ സമൂഹത്തിന്റെയും മുന്നിൽ നല്ലപിള്ള ചമയാനുള്ള ശ്രമം ആണ് എല്ലാവരും നടത്തിയത് എന്നാണ് ചെക്കുട്ടി നിരീക്ഷിക്കുന്നത്. “ഇസ്ലാം ഭീതിയെ താൽക്കാലിക രാഷ്ട്രീയ താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്ന നയമാണ് ഒരു പരിധിവരെ ലീഗ് നേതൃത്വം സ്വീകരിച്ചത്,” ചെക്കുട്ടി എഴുതുന്നു.
തീവ്രവാദത്തെ സംബന്ധിച്ച മുഖ്യധാരാവ്യാഖ്യാനങ്ങൾക്ക് കീഴൊ പ്പുവെച്ചു സ്വയരക്ഷക്ക് വേണ്ടി ലീഗ് നടത്തിയ ശ്രമങ്ങൾ വലതുപക്ഷ ശക്തികളുടെ താല്പര്യങ്ങളെയാണ് പ്രോത്സാഹിപ്പിച്ചത് എന്നു കൂടി ഗ്രന്ഥകാരൻ പറഞ്ഞു വെക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് നവസാമൂഹിക പ്രസ്ഥാനങ്ങൾ രംഗത്ത് വന്നത്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, തുടങ്ങിയ സംഘടകൾ പുതിയ ആശങ്ങളുമായി രംഗത്ത് വന്നു. SDPI, വെൽഫയർ പാർട്ടി തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും രംഗ പ്രവേശനം ചെയ്തു. ഈ സംഘടനകളെയൊക്കെ ഭീകരതയുടെ ലേബലൊട്ടിച്ചു മാറ്റി നിർത്താൻ മുസ്ലിം ലീഗ് മുന്നിൽ നിന്നു.
PFI യെ ഒറ്റപ്പെടുത്തുന്ന കാര്യത്തിൽ സമുദായത്തിലെ മത രാഷ്ട്രീയ സംഘടനകൾ അസാധാരണമായ ഐക്യം കണിച്ചു. അത് ഇന്നും തുടരുന്നു. RSS നെ നേരിടുന്ന കാര്യത്തിൽ അവർ സ്വീകരിക്കുന്ന നിലപാടാണ് ഇതിന് കാരണമെന്ന് മുസ്ലിം സംഘടനകൾ പറയുന്നു. കേരളത്തിലെ മാധ്യമങ്ങൾ ഇത് പോലെ ബ്ലാക്ക് ഔട്ട് ചെയ്ത സംഘടനയും വേറെയില്ല.
കാടടച്ചുള്ള ഈ വെടിവെപ്പിൽ മുങ്ങിപ്പോയത് സംഘടന ഉയർത്തിയ സാമൂഹിക പ്രസക്തമായ മുദ്രാവാക്യങ്ങളായിരുന്നു. കേരളത്തിൽ സമുദായത്തെ കൂടുതൽ വികേന്ദ്രീകൃത തലത്തിൽ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുകയുംപ്രതിസന്ധികളിൽ നിയമ-പ്രക്ഷോഭ തലങ്ങളിലെ ഫലപ്രദമായ ഇടപെടലിലൂടെ ശക്തീകരിക്കുകയും വഴി നവ സാമൂഹിക പ്രസ്ഥാനങ്ങൾ പ്രയോഗതലത്തിൽ ജനാധിപത്യ പ്രതിരോധം ശക്തിപ്പെടുത്തി എന്നാണ് ചെക്കുട്ടിയുടെ വിലയിരുത്തൽ.
മുസ്ലിം ശക്തീകരണത്തിന് വിദ്യഭ്യാസ പ്രചരണവും നിയമപരമായ നടപടികളും വഴി പോപ്പുലർ ഫ്രണ്ട് നടത്തിയ സംരംഭങ്ങൾ സാമൂഹിക ശക്തീകരണ രംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കി എന്ന് ജർമ്മൻ പണ്ഡിതൻ ആറന്റ് എമ്മെറിക്കിന്റെ പഠനം ഉദ്ധരിച്ചു ചെക്കുട്ടി വിശദീകരിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷ പീഡനത്തിനെതിരെ- ഹാദിയ കേസ് ഉൾപ്പെടെ- സംഘടന നടത്തിയ നിയമ പോരാട്ടങ്ങളെ കുറിച്ചും എമ്മറിക് തന്റെ പഠനത്തിൽ വിശദീകരിക്കുന്നുണ്ട്. (Arandt Emmerich: Islamic Movements in India: Moderation and its Discontents).
സമുദായികതയിൽ ഊന്നിയ മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്ന് ഭിന്നമായി സാമൂഹിക-സാമ്പത്തിക രംഗങ്ങളിലെ പാർശ്വവൽക്കരണം, സാമൂഹിക നീതിയുടെയും ശക്തീകരണത്തിന്റെയും മുദ്രാവാക്യങ്ങൾ തുടങ്ങിയ അജണ്ട മുന്നോട്ടുവെക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയ മേഖലയിലെ സുപ്രധാന കാൽവെപ്പായി എമ്മറിക് വിശദീകരിക്കുന്നു.
കൂടാതെ ഇസ്ലാമിക പ്രസ്ഥാങ്ങളും മുസ്ലിം രാഷ്ട്രീയവും ഉദാര ജനാ ധിപത്യ സങ്കൽപ്പങ്ങളോട് കലഹിക്കുന്നവയാണെന്ന മതേതര-ലിബറൽ വയനകളെയും എമ്മറിക് ചോദ്യം ചെയ്യുന്നുണ്ട്. വെല്ലുവിളികളെ വസ്തുതാപരമായി വിലയിരുത്തുന്നതിന് പകരം കണ്ണടച്ച് ഇരുട്ടക്കാനാണ് ലീഗ് ശ്രമിച്ചത്.
“മുസ്ലിം ഐക്യത്തെ കുറിച്ച് സംസാരിക്കുമ്പോഴും തങ്ങൾക്ക്രാഷ്ട്രീയമായി അസൗകര്യമുണ്ടാക്കുന്നതോ വെല്ലുവിളി ഉയർത്തുന്നതോ ആയ പ്രസ്ഥാനങ്ങളെ പൊതു വേദികളിനിന്ന് ഒഴിവാക്കാനാണ് ലീഗ് താല്പര്യപ്പെട്ടത്” എന്ന് ചെക്കുട്ടി എഴുതുന്നത് തീർത്തും ശരിയാണെന്നു കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെ നിരീക്ഷിക്കുന്ന ആർക്കും ബോധ്യപ്പെടും.
പൗരത്വ പ്രക്ഷോഭം ഭിന്നതകൾ മറന്ന് ഒന്നിക്കാൻ മുസ്ലിം സംഘടനകൾക്ക് വലിയ അവസരമാണ് നൽകിയത്. ആ ഒരുമ നിലനിർത്താൻ കഴിയുമോ എന്നത് വലിയ വെല്ലുവിളിയാണ്. ഹിന്ദുത്വ ഫാഷിസം ജനാധിപത്യ സ്ഥാപനങ്ങളെ ഒന്നൊന്നായി തകർത്തു മുന്നേറുകയാണ്. ബാബരി മസ്ജിദ് വിട്ടുനൽകി സമാധാനം നേടാനുള്ള ശ്രമം പോലും ഒരു അബ്ധമായി മാറുന്നതാണ് പുതിയ അനുഭവം. സുപ്രീം കോടതി വഴി പള്ളി കൈക്കലാ ക്കിയിട്ടും പുതിയ പള്ളികൾക്ക് നേരെയുള്ള അവകാശ വാദങ്ങൾ തുടരുകയാണ്. ആരാധനാലയങ്ങളുടെ സ്റ്റാറ്റസ്കോ സംബന്ധിച്ച നിയമത്തിനെതിരെയും സംഘപരിവാരം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഭരണകൂടവും നിയമ സംവിധാനങ്ങളും, ജനാധിപത്യ സ്ഥാപനങ്ങളും ഫാഷിസ്റ്റു പിടിയിലമർന്നുകൊണ്ടിരിക്കുന്ന കാലത്ത് മുന്നോട്ടുള്ള വഴികളെ കുറിച്ച് ഗൗരവപരമായ ചിന്തകൾ സമുദായത്തിനതിനകത്തു നടക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അത് എത്രത്തോളം യാഥാർഥ്യ ബോധത്തോടെ ഉള്ളതാണ് എന്നതിനനു സരിച്ചായിരിക്കും സമുദായത്തിന്റെ വാർത്തമാനവും ഭാവിയും.
മതേതര കക്ഷികളും ഹിന്ദുത്വവും
മതേതര പാർട്ടികളിലെ ഹിന്ദുത്വ സ്വാധീനം പുതിയ സംഗതിയല്ല. സ്വാതന്ത്ര്യ സമര കാലം മുതൽ കോൺഗ്രസ്സിനകത്ത് ഹിന്ദു വർഗീയതയുടെ ഒരു ധാര സജീവമായിരുന്നു. ബാലഗംഗധര തിലകനിൽ തുടങ്ങി നരസിംഹ റാവു വിലൂടെ കടന്ന് ജ്യോതിരാദിത്യ സിന്ധ്യ(ഈയിടെ ബി ജെ പിയിൽ ചേർന്നു) വരെയുള്ള കണ്ണികളിലൂടെ ആ ധാര ഇന്നും സജീവമാണ്.
മുസ്ലിം പാർട്ടിയായ ലീഗിനെ കൂടെ കൂട്ടുന്നതിൽ കോഗ്രസ്സിനകത്തെ ഈ ലോബി എന്നും എതിരായിരുന്നു. മുഖ്യമന്ത്രി ആവാൻ സി എച്ചിനോട് തൊപ്പി ഊരിവരാൻ ആവശ്യപ്പെട്ടത് ഈ ലോബിയാണ്. പക്ഷെ അതിനെ സമർത്ഥമായി മറികടക്കാൻ ലീഗിന് ഇതുവരെ സാധിച്ചിട്ടുണ്ട്. കടുത്ത ഹിന്ദു വർഗ്ഗീയത കാണിച്ച നരസിംഹ റാവുവിന്റെ കോഗ്രസ്സിന്റെ കൂടെ നിന്നതിനു ലീഗിന് പഴി കേൾക്കേണ്ടി വന്നെങ്കിലും കോൺഗ്രസ് ബന്ധം ഉപേക്ഷിക്കാൻ ലീഗ് തയ്യാറായില്ല.
രണ്ട് തവണ ലീഗുമായി അധികാരം പങ്കിട്ട കേരളത്തിലെ മാർക്സിസ്റ്റുകൾക്കിടയിലും ഹിന്ദു വർഗീയ ധാര എന്നും ഉണ്ടായിരുന്നു. അതിന് സൈധ്ദാന്ധിക വരട്ടുവാദത്തിന്റെ പുകമറ ഉണ്ടായിരുന്നു എന്ന് മാത്രം. ഇടത് മുന്നണിയിൽ ഇടം നേടാൻ INL ന് കാൽ നൂറ്റാണ്ട് കാലം അഗ്നി പരീക്ഷ നേരിടേണ്ടി വന്നത് അത്കൊണ്ടാണ്. കേരള കോൺഗ്രസ്സിന് അങ്ങനെ ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ഗതികേട് ഉണ്ടായില്ല.
ഇന്ത്യൻ കമ്മൂണിസ്റ്റ് പാർട്ടിയിൽ സവർണ്ണ മേധാവിത്തം തുടക്കം മുതലേയുണ്ട്. പക്ഷെ പാർട്ടി ശുദ്ധ മുസ്ലിം വിരുദ്ധത കാണിക്കുന്നത് ഒരു പക്ഷേ കേരളത്തിൽ മാത്രമായിരിക്കും. “അറുപത്കൾ മുതൽ ലീഗുമായി നിലനിർത്തിയ ബന്ധങ്ങൾ അവസാനിപ്പിക്കുന്നതിലേക്ക് സി പി എം എത്തിച്ചേരുന്നത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയം ദേശീയ തലത്തിൽ ശക്തിപ്പെടുന്നതും, അതിനെ നേരിടാൻ മൃദുഹിദുത്വ രാഷ്ട്രീയം കോൺഗ്രസ്സും മറ്റു പല പാർട്ടികളും പയറ്റാൻ തുടങ്ങിയതുമായ അന്തരീക്ഷത്തിലാണ്,” എന്ന് ചെക്കുട്ടി നിരീക്ഷിക്കുന്നു. ഒരേ സമയം ഭൂരിപക്ഷ സമുദായത്തെയും ന്യൂനപക്ഷങ്ങളെയും സന്തോഷിപ്പിച്ചു നിർത്താനുള്ള താൽക്കാലിക തന്ത്രങ്ങളിൽ ഊന്നിയാണ് സി പി എം മുന്നോട്ടു നീങ്ങുന്നത് എന്നാണ് ഗ്രന്ഥകാരന്റെ വീക്ഷണം.
നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ സി പി എം-ആർ എസ് എസ് ഡീലിനെക്കുറിച്ചുള്ള RSS നേതാവിന്റെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. കണ്ണൂരിൽ പിണറായി നേരിട്ട് പങ്കെടുത്ത RSS-CPM ചർച്ചയും തലസ്ഥാനത്ത് സംഘി സഹയാത്രികനായ യോഗാചര്യനുള്ള ഭൂമി ദാനം വുമൊക്കെ വിരൽ ചൂണ്ടുന്നത് ഇടത് പക്ഷം വലത്തോട്ടു ചായുന്നതിന്റെ സൂചനകളായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അതേ സമയം മതേതര സമൂഹത്തിൽ അതിവേഗം ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ ന്യൂപക്ഷങ്ങൾക്കിടയിൽ വലിയ ആശങ്കകൾക്ക് വഴി വെച്ചിട്ടുണ്ട്. പോർച്ചുഗീസുകാർക്കെതിരിലുള്ള പോരാട്ടകാലം മുതൽ പൗരത്വ ബില്ലിനെതിരെയുള്ള സമരം വരെ മുസ്ലിംകൾ മുന്നിൽ നിന്ന എല്ലാ സമരങ്ങളിലും മത വിശ്വാസം ഒരു പ്രധാന പ്രചോദനമായി പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ അത് ഒരിക്കലും വർഗ്ഗീയത ആയിരുന്നില്ല.
പക്ഷേ ഇസ്ലാമിൽനിന്ന് ഊർജ്ജം ഉൾകൊള്ളുന്ന എന്തിനെയും വർഗീയതയായി ചിത്രീകരിക്കാനാണ് മതേതര ചിന്തകൻമാരും പാർട്ടികളും ശ്രമിച്ചട്ടുള്ളത്. മതങ്ങൾക്കെന്ത് മത നിരപേക്ഷത? എന്നതാണവരുടെ നിലപാട്.
CAA സമരകാലത് എവിടെയോ മുഴങ്ങിക്കേട്ട ഒരു അള്ളാഹു അക്ബറിന്റെ പേരിൽ ആ സമരത്തെ തള്ളിപ്പറയാൻ മുന്നിൽ നിന്നത് മതേതര വാദികൾ എന്ന് അവകാശ പ്പെടുന്നവരായിരുന്നു. അതേ സമയം കർഷക സമരത്തിൽ സിഖ് മതത്തിന്റെ സിമ്പലുകൾ വ്യാപകമായി ഉപയോഗപ്പെടുത്തിയിട്ടും അതിൽ ഒരു വർഗ്ഗീയതയും ആരും ആരോപിച്ചില്ല. ഇത്തരം ഇരട്ടത്താപ്പുകൾ മതേതര പക്ഷത്തിന്റെ ഉദ്ദേശശുദധിയെക്കുറിച്ചു വലിയ സംശയങ്ങൾ ഉയർത്തുന്നുണ്ട്.
Why I am a Hindu? എന്ന് ശശി തരൂർ ചോദിക്കുമ്പോൾ തരൂർ തന്റെ ഹിന്ദു ഐഡന്റിറ്റി ആണയിട്ടുറപ്പിക്കുന്നത് ഒരു അപകട സൂചനയായി ആരും വ്യാഖ്യാനിക്കുന്നില്ല. പക്ഷേ മുസ്ലിംകൾ അവരുടെ ഇസ്ലാമിക് ഐഡന്റിറ്റിയ്ക്കൊപ്പകം ദേശക്കൂറിനുള്ള സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം എന്നിടത്തു നിന്ന് നമ്മുടെ ദേശീയത ഇനിയും മുന്നോട്ട് നീങ്ങിയിട്ടില്ല. സ്വാതന്ത്ര്യ ത്തിന്റെ മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും വിഭജനത്തിന്റെ ഭാരം ഇറക്കിവെക്കാൻ സമുദായത്തിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് സാരം.