പേടിപ്പെടുത്തുന്ന ഒരു ഓർമ്മയായാണ് ഏർവാടി മനസ്സിൽ സ്ഥാനം പിടിച്ചിരുന്നത്. കുട്ടിക്കാലത്തു, സ്കൂൾ ഇല്ലാത്ത ദിവസം ഞങ്ങൾ ആൺകുട്ടികളുടെ പ്രധാന ജോലി തൊട്ടടുത്ത മില്ലിൽ കൊണ്ടുപോയി അരിയും നെല്ലും ഗോതമ്പുമൊക്കെ പൊടിപ്പിച്ചു കൊണ്ട് വരിക എന്നതായിരുന്നു. അങ്ങിനെയിരിക്കെയാണ് മില്ലിലെ ജോലിക്കാരനായിരുന്ന ചാന്തു അബ്ദു റഹ്മാൻ പെട്ടെന്ന് മരണപ്പെട്ടത്. മാനസിക രോഗിയായിരുന്ന അദ്ദേഹം ഏർവാടിയിലെ ചികിത്സക്കിടയിലാണ് മരണപ്പെട്ടത്.”ഇടയ്ക്കിടെ അപസ്മാരം വന്നു ബോധക്ഷയം വരിക പതിവായിരുന്നു. ചികിത്സക്കായി ഏർവാടിയിൽ കൊടുപോയ അബ്ദു അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. ബന്ധുക്കൾ എത്തും മുമ്പേ മൃതദേഹം അവിടെ തന്നെ മറവ് ചെയ്തിരുന്നു,” അന്ന് അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന അബ്ദുക്ക സംഭവം ഓർത്തെടുത്തു.
പിന്നീട് കാൽ നൂറ്റാണ്ടിലേറെ കഴിഞ്ഞാണ് ഞാൻ ഏർവാടിയിലെത്തുന്നത്. പക്ഷേ അവിടെ കാര്യങ്ങൾക്ക് വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. വിശാലമായ ദർഗ വളപ്പിൽ രോഗികളും ബന്ധുക്കളും ഭക്തന്മാരും പരന്നൊഴുകി കിടക്കുന്നു. മരങ്ങളിലും തൂണുകളിലും രോഗികളായ മനുഷ്യരെ ഇരുമ്പ് ചങ്ങലകളിൽ ബന്ധിച്ചിരിക്കുന്നു. പറഞ്ഞു കേട്ടിരുന്നെങ്കിലും കാര്യങ്ങൾ ഇത്ര പ്രകൃതമാ യിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
അറ്റുപോയ ചങ്ങലയുമായി മണലിൽ മുട്ടുകുത്തി നിൽക്കുന്ന ഒരു യുവാവ് എന്റെ ശ്രദ്ധയിൽ പെട്ടു. സർവ്വ ധൈര്യവും സംഭരിച്ചു ഞാൻ അയാളുടെ അടുത്ത് ചെന്നു. “യാർ, ഇന്ത സംഗലയെല്ലാം പോട്ടത്?” ഞാൻ മെല്ലെ ചോദിച്ചു.
“എനക്ക് നോയ് ഏതും ഇല്ല സാർ. പിസാസ് എറിയിരിക്ക്ന്ന് സൊല്ലി എൻ വീട്ടകാർതാൻ ഇങ്കെ പോട്ടത്”. ഞാൻ നിസ്സഹായതയോടെ അയാളുടെ മുഖത്തേക്ക് നോക്കി.ആ വിശാലമായ വളപ്പിനകത്തു അത് പോലെ ചങ്ങലയിൽ കുരുങ്ങിയ വേറെയും ഒരുപാട് മനുഷ്യരുണ്ടായിരുന്നു.
ബാഗിൽ ഒളിപ്പിച്ചു വെച്ചിരുന്ന ചെറിയ കാമറ പുറത്തെടുത്തു ഞാൻ ഏതാനും ചിത്രങ്ങൾ എടുത്തു. അതോടെ കടന്നൽ കൂട് ഇളകിയ പോലെ ജനം എന്റെ നേർക്ക് പാഞ്ഞടുത്തു. “യാര് നീ”, “എ തുക്കു ഫോട്ടോ എടുക്കറത്”നിന്നെ വിടമാട്ടേൻ,….. ജനം ആക്രോഷിച്ചുകൊണ്ടിരുന്നു. ദർഗ വളപ്പിനകത്തു ഫോട്ടോ എടുക്കാൻ പാടില്ല എന്നാണ് നിയമം.ഞാൻ ഒന്നും മിണ്ടാതെ അനങ്ങാതെ നിന്നു. കാര്യങ്ങൾ പന്തിയല്ല, തർക്കിക്കുന്നത് കൂടുതൽ അപകടം ചെയ്യും. കാമറ ബാഗിനകത്തിട്ട് ഞാൻ മെല്ലെ രക്ഷപ്പെടാൻ നോക്കി. പിന്നിൽ ആരൊക്കെയോ പിന്തുടരുന്നുണ്ടായിരുന്നു. ഗെയിറ്റിന് പുറത്ത് കടന്ന ഞാൻ ആദ്യം കണ്ട ബസിൽ കയറി….വാർത്ത ഉദ്ദേശിച്ചല്ല ഞാൻ ഏർവാടിയിൽ പോയത്. പക്ഷെ, “എനിക്ക് നോയി ഏതും ഇല്ല സാർ”…. ആ വാക്കുകൾ എന്നെ വല്ലാതെ വേട്ടയാടി.2006ൽ ദർഗയിൽ ഉണ്ടായ തീ പിടുത്തത്തിൽ ഇങ്ങനെ ചങ്ങലയിൽ ബന്ധിതരായ 28 രോഗികൾ വെന്തു മരിച്ചിരുന്നു. അന്ന് കുറെ നിയന്ത്രണങ്ങൾ ഉണ്ടായെങ്കിലും ദുരന്തത്തിന്റെ ബഹളങ്ങൾ കേട്ടടങ്ങിയതോടെ കാര്യങ്ങൾ പിന്നെയും പഴയ പടി ആവുകയായിരുന്നു. നേരിട്ട് കണ്ട അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഫീച്ചർ എഴുതി. അവിടെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുമെന്നും രോഗികൾക്ക് വേണ്ടി ആധുനിക സൗകര്യങ്ങളുള്ള ഒരു ആശുപത്രി നിർമ്മിക്കുമെന്നുമൊക്കെ ജില്ലാ കളക്ടരും പോലീസ് സൂപ്രണ്ടുമൊക്കെ അന്ന് ഉറപ്പ് പറഞ്ഞിരുന്നു. ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് അറിയില്ല. പിന്നീടൊരിക്കലും അവിടെ പോകാൻ അവസരം കിട്ടിയിട്ടില്ല.