ഒഴിച്ചുകൂടാനാവാത്ത ഒരു യാത്ര, വഴിയിൽ ഒരു പക്ഷി സാങ്കേതവും. പിന്നെ ഒന്നും ആലോചിച്ചില്ല. രാവിലെതന്നെ കെട്ടും ഭാ ണ്ഡവുമെടുത്ത് ഇറങ്ങി. പതിവ് പോലെ ആ ദിവസത്തെ ആദ്യ സന്ദർശകൻ. ടിക്കറ്റ് കൗണ്ടർ തുറന്നിട്ടില്ല. “സാർ കയറി കണ്ടോളൂ, തിരിച്ചു വരുമ്പോൾ ടിക്കറ്റ് തരാം,” സെക്യൂരിറ്റിക്കാരൻ ദയ കാണിച്ചു.”ഇപ്പോൾ പക്ഷികൾ ഒന്നും ഇല്ല സാർ, മെയ്-ജൂൺ മാസമാണ് ഇവിടുത്തെ സീസൺ,” അദ്ദേഹം ഉള്ളത് പറഞ്ഞു. പക്ഷികളെക്കാളേ റെ ഞാൻ തേടുന്നത് കാടിന്റെ വിജനതയാണെന്ന് അദ്ദേഹത്തിനറിയില്ലല്ലോ. ഏതാണ്ട് രണ്ടര കിലോമീറ്റർ ദൂരമുള്ള ആ വനപാതയിലൂടെ, വേമ്പനാട്ട് കായൽ അതിരിട്ട പച്ചതുരുത്തിൽ ഞാൻ നടന്നു, കാലടി ശബ്ദം പോലും കേൾപ്പിക്കാതെ…ഒരു ധ്യാനത്തിലെന്നപോലെ….
34 ഏക്കറിൽ പരന്നു കിടക്കുന്ന കുമരകം പക്ഷി സങ്കേതം കേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. ദേശാടന പക്ഷികളുടെ പ്രജനനം നടക്കുന്ന ജൂൺ -ആഗസ്ത് വരെയുള്ള കാലമാണ് സന്ദർശിക്കാൻ ഏറ്റവും നല്ല സമയം.