വർഷങ്ങൾക്ക് മുമ്പാണ്. ചെന്നൈയിൽ ജോലി ചെയ്യുന്ന കാലം. ഏകാന്ത യാത്രകളായിരുന്നു അന്നും പഥ്യം. ഇത്തവണ ചെന്നൈയിൽനിന്ന് ഏതാണ്ട് എഴുപത് കിലോമീറ്റൽ അകലെയുള്ള സദ്രാസിലെ ഡച്ച് കോട്ടയായിരുന്നു ലക്ഷ്യം. ബൈക്കോടിച്ചു അതിരാവിലെ അവിടെയെത്തുമ്പോൾ ആർക്കിയൊളജിക്കൽ സർവേയുടെ കീഴിലുള്ള കോട്ടയുടെ ഗാർഡ് ഉണർന്നിട്ടു പോലുമില്ല. കാവൽക്കാരന്റെ കാരുണ്യത്തിനായി പത്തു മണി വരെ കാത്തുനിന്നാണ് അകത്തു കയറിയത്. 1648ൽ ഡച്ചുകാർ നിർമിച്ചതാണ് ഈ കോട്ട. ഇടിഞ്ഞു പൊളിഞ്ഞു സന്ദർശകർ തിരിഞ്ഞു നോക്കാതെകിടന്ന കോട്ട വിശദമായി നടന്നു കണ്ടു.
മണ്മറഞ്ഞ ഡച്ച് ഭരണാധികാരികളുടെ ഏതാനും ശവക്കല്ലറകൾ ഇന്നും ഇവിടെ നന്നായി സംരക്ഷിച്ചു പോരുന്നുണ്ട്. ചതുരത്തിലുള്ള ഒരു കിടങ്ങ് പോലുള്ള ഈ കെട്ടിനകത്തു ഒരു വഴി മുൾപടർപ്പുകൾ വെച്ച് അടച്ചു കണ്ടു. കൗതുകത്തിന് ഞാൻ അത് എടുത്തുമാറ്റി അകത്തു കയറി.
രണ്ടടി വീതിയും ഏതാണ്ട് ഇരുപത് അടി നീളവുമുള്ള ഒരു ചെറിയ തുരംഗം. അത് അവസാനിക്കുന്നത് അർദ്ധ വൃത്താകൃതിയിൽ മേൽക്കൂരയുള്ള ഒരു അറയിലാണ്. ഡച്ച്കാരുടെ വെടിമരുന്ന് ശേഖരണ കേന്ദ്ര മായിരുന്നത്രെ അത്. ബ്രിട്ടീഷ്കാരുടെ പീരങ്കി ആക്രമണത്തിൽ തകർന്ന മേൽക്കൂര അതേ പോലെ നിലനിർത്തിയിട്ടുണ്ട്.
പ്രതേകിച്ചൊന്നും കാണാനില്ലാത്തത്കൊണ്ട് ഞാൻ വേഗം പുറത്തിറങ്ങി. അപ്പോഴാണ് കലിതുള്ളി സെക്യൂരിറ്റി ഗാർഡ് പുറത്ത് എന്നെ കാത്ത് നിൽക്കുന്നത് കണ്ടത്. “നീ യാർക്കിട്ട് കേട്ട് ഉള്ളെ പോണേ?” “അത് മൂടിവെച്ചത് പക്കാവില്ലെയാ നീ?”എതാ നടൻതിട്ടാൽ നാൻ എന്ന ബദൽ സൊള്ളുവേൻ?” കാര്യമറിയാതെ ഞാൻ പകച്ചു നിന്നു.
“എന്നാച്ച് സാർ”, ഞാൻ പതിയെ ചോദിച്ചു.”അന്ത സെവതുക്കുള്ളെ നിറയെ പാമ്പ്ർക്ക്. അതുകുള്ളെ യാറും ഏറക്കൂടാത്. അതുക്ക് താൻ അത് മൂടി വെച്ചിരിക്കറുത്”.
എന്റെ വായിലെ വെള്ളം വറ്റി, സപ്ത നാടികളും തളർന്നു. ഒന്നും മിണ്ടാനാവാതെ ഞാനയാളുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി….. മേലിൽ ഇങ്ക വറ കൂടാത്, ശീക്രമാ വെളിയെ പോ…… അയാൾ എന്നെ ആട്ടി.
വിഷപ്പാമ്പുകൾക്ക് മദ്ധ്യേ നെഞ്ച് വിരിച്ചു നടക്കാനുള്ള ധൈര്യമൊന്നും എനിക്കില്ല. ശിക്കാരി ശംബുവിനെ പോലെ അബദ്ധത്തിൽ ഒരു ധീരകൃത്യം ചെയ്തതാണ്. ഇന്നും സദ്രാസ് എന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ ഒരു ഉൾക്കിടിലം ഉണ്ടാവാറുണ്ട്.