കോളേജ് പഠന കാലത്താണ് അലി മണിക്ഫാനെ കുറിച്ച് ആദ്യമായി കേട്ടത്. അദ്ദേഹം തന്റെ പഠന പരീക്ഷണങ്ങളുമായി സ്വന്തം ലോകത്ത് കഴിയുന്ന കാലം. പിന്നീട് രണ്ട് പതിറ്റാണ്ടു കഴിഞ്ഞാണ് നേരിൽ കാണാൻ അവസരം ഉണ്ടായത്. 2012 ൽ വെയിൽ കത്തി നിൽക്കുന്ന ഒരു മെയ് മാസ കാലത്ത്.
തമിഴ്നാട്ടിലെനാഗ ർകോവിലിനടുത്തുള്ള വള്ളിയൂർ റെയിൽവെ സ്റ്റേഷനിൽ സന്ധ്യ സമയത്തു ഞാൻ എത്തുമ്പോൾ തന്റെ പഴയ ഫിയറ്റ് കാറുമായി അദ്ദേഹം എന്നെ കാത്തു നിൽപുണ്ടായിരുന്നു.
മണിക്ഫാനും ഭാര്യയും ചേർന്ന് നിർമിച്ച കൊച്ചു വീട്ടിലാണ് അന്ന് രാത്രി താമസിച്ചത്. വീട് പൂർത്തിയായി അധികം വൈകാതെ ആ മഹതി മരണപ്പെട്ടിരുന്നു. സ്വന്തം കൈകൊണ്ട് പടുത്തുയർത്തിയ ആ വീട്ടിൽ മണിക്ഫാൻ ഒറ്റക്ക് താമസിച്ചപ്പോൾ മക്കൾ തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്.
തന്റെ പള്ളിയും സ്കൂളും പരീക്ഷണ ശാ ലയുമൊക്കെയായിരുന്ന ആ വീടിന് ജനലുകൾ ഉണ്ടായിരുന്നില്ല, പകരം ചുമരിൽ അങ്ങിങ്ങായി ഇട്ട ദ്വാരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഫാനോ മറ്റു ആധുനിക സൗകര്യങ്ങളോ ഇല്ലാതിരുന്ന ആ വീട്ടിനകത്തു പക്ഷെ, ആ മെയ്മാസ ചൂടിലും നല്ല തണുപ്പായിരുന്നു. സ്വന്തമായി വൈദ്യുതിഉല്പാദിപ്പിക്കാൻ അദ്ദേഹം നിർമിച്ച കാറ്റാടി യന്ത്രം അദ്ദേഹം കാണിച്ചു തന്നു.
ഔപചാരിക വിദ്യാഭ്യാസത്തോട് ഒരിക്കലും മതിപ്പില്ലാതിരുന്ന മണിക്ഫാൻ സ്വന്തം ആശയത്തിനനുസരിച്ചുള്ള ഒരു സ്കൂൾ പടുത്തുയർത്താനുള്ള ശ്രമത്തിലായിരുന്നു അന്ന്. ആ ശ്രമം പൂവണിഞ്ഞില്ല എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. തന്റെ മക്കൾക്ക് ഒരിക്കലും അദ്ദേഹം ഔ പചാരിക വിദ്യാഭ്യാസം നൽകിയില്ല. പക്ഷേ മണിക്ഫാന്റെ വീട്ടിലെ കൊച്ചു കുട്ടികൾ മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്നത് നേരിൽ കാണാൻ എനിക്ക് അവസരമുണ്ടായി.
പിറ്റേന്ന് രാവിലെ തൂ ത്തുകൂടിയിലേക്കുള്ള യാത്രയിൽ തിരുച്ചെണ്ടൂർ ക്ഷേത്രവും പാളയംകോട്ടയിലെ അദ്ദേഹത്തിന്റെ ചില ബന്ധു വീടുകളും സന്ദർശിച്ചത് ഓർക്കുന്നു. ആ സന്ദർശനത്തെ ആസ്പദമാക്കി അദ്ദേഹത്തേക്കുറിച്ച് വിശദമായ ഒരു ലേഖനം ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയിരുന്നു. പിന്നീട് ഒരിക്കൽ ബേപ്പൂരിൽ വെച്ച് നേരിൽ കണ്ടിരുന്നു.
ഒരിക്കലും പുരസ്കാരങ്ങൾക്ക് വേണ്ടി ഒന്നും ച്യ്തിട്ടില്ലാത്ത അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം വലിയ കാര്യമായി തോന്നാൻ ഇടയില്ല. എന്റെ ഗ്രാമത്തിൽ ആ മഹാ പ്രതിഭ എത്തുന്നു എന്ന കാര്യത്തിൽ വലിയ അഭിമാനമുണ്ട്. MAHS സ്കൂളിന്റെ സിൽവർജൂബിലി ചടങ്ങ് ധന്യമാക്കാൻ മണികഫാനെക്കാൾ യോഗ്യനായ മറ്റൊരാളില്ല. സ്കൂൾ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ, മണിക്ഫാന് ഹൃദ്യമായ സ്വാഗതം.