എഴുപതുകളിലും എൺപതുകളിലും, മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥകൾക്കനുസരിച്ച് ഉത്തരേന്ത്യൻ തെരുവുകളിൽ വർഗീയ കലാപങ്ങൾ അരങ്ങേറുന്നത് സർവ്വ സാധാരണയായിരുന്നു. അന്ന് സംഘ പരിവാരം ഒരു രാഷ്ട്രീയ ശക്തിയായിരുന്നില്ല. പക്ഷെ 2014 മുതൽ പരിവാരം രാഷ്ട്രീയ അധികാര ശക്തിയാണ്.അത് കൊണ്ട് തന്നെ ജനാധിപത്യ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് മുസ്ലിംകളെയും ദളിത് പിന്നോക്ക വിഭാഗങ്ങളെയും ഭീഷണിപ്പെടുത്താൻ അവർക്ക് സാധിക്കുന്നു. മുത്തലാഖ്, പൗരത്വ നിയമം, ലവ് ജിഹാദ് നിയമങ്ങൾ തുടങ്ങിവ ഇതിന്റെ തെളിവാണ്. തീർത്തും പ്രതിലോമകരമായ ഇത്തരം നിയമങ്ങൾക്ക് ചൂട്ട് പിടിക്കുന്ന നീതിപീഠങ്ങൾ ഈ നീക്കങ്ങൾക്ക് നിയമ സാധുതയും നൽകുന്നു.
നിയമ നിർമ്മാണ സ്ഥാപനങ്ങൾ നോക്കുകുത്തികളാ വുകയും കോടതികളെയും മാസ്സ് മീഡിയയെയും പിടിയിലൊതുക്കി നിയമങ്ങൾ എക്സികുട്ടീവിന്റെ ഉത്തരവുകളായി ഇറങ്ങുകയും ചെയ്യുന്നത് ഫാസിസ്റ്റുവൽക്കരണത്തിന്റെ ലക്ഷണമാണെന്ന് ഉബർട്ടോ ഇക്കോ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിയമം പിവലിക്കാതെ പിന്മാറില്ല എന്ന കർഷകരുടെ തീരുമാനം ഫാസിസത്തോടുള്ള നേർക്ക് നേർ പോരാട്ടമാവുന്നത് അത്കൊണ്ടാണ്. ഗവൺമെന്റിന്റെ എല്ലാ ഭീഷണികളെയും മറികടന്നു സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കാൻ കർഷക നേതാക്കൾ കാണിച്ച ധീരത ശ്ലാഘിക്കപെടേണ്ടത് തന്നെയാണ്. ഭരണകൂടത്തിന്റെ കണ്ണുരുട്ടൽ കൊണ്ട് കർഷകരെ പേടിപ്പിക്കാൻ കഴിഞ്ഞില്ല എന്നത് തന്നെയാണ് ആ സമരത്തിന്റെ ഏറ്റവും വലിയ വിജയവും.