എന്റെ വാർഷിക ‘തീർത്ഥാടന’ കേന്ദ്രങ്ങളിലൊന്നാണ് തട്ടേക്കാട് പക്ഷി സങ്കേതം. പക്ഷികളുടെ ദേശാടന ( സെപ്റ്റംബർ -മാർച്ച്) കാലത്ത് എല്ലാവർഷവും ഞാൻ അവിടെ പോവാറുണ്ട്. ഇത്തവണയും ആ ദിവസത്തെ ആദ്യ സന്ദർഷകൻ ഞാനായിരുന്നു. ടിക്കറ്റെടുത്തു തിരിഞ്ഞ് നോക്കിയപ്പോൾ ഗെയ്റ്റിനു തൊട്ടു മുന്നിലുള്ള മരത്തിൽ ഹായ് വെൽകം ടു തട്ടേക്കാട് എന്ന് പറഞ്ഞു അതാ നിൽക്കുന്നു നമ്മുടെ ദേശീയ പക്ഷി. സാധാരണ ഇത്ര അടുത്ത് കിട്ടാറില്ല. പ്രഭാതത്തിന്റെ ആല സ്യമായിരിക്കാം, അനങ്ങാതെ കുറെ നേരം ഇരുന്നു തന്നു. മതിവരുവോളം സ്നാപ്പ്സ് എടുത്തു……….
ഈ വന വീഥിയിൽ ഇതിനു മുമ്പും എത്രയോ തവണ വന്നിട്ടുണ്ട്. ഇരുപതും മുപ്പതും മീറ്റർ ഉയരമുള്ള മരങ്ങളിൽ ഇരിക്കുന്ന പക്ഷികളെ കണ്ടെത്തൽ അതീവ ദുഷ്കരമാണ്. ബേസിക് കാമറ മാത്രം കയ്യിലുള്ള എന്റെ കാര്യം പറയുകയും വേണ്ട.
പക്ഷെ ഞാൻ ഇവിടെ വരുന്നത് ഫോട്ടോഗ്രാഫിയേക്കാളേറെ ഈ ഇരുണ്ട വന വീഥിയിലൂടെ ഏകാന്തനായി നടക്കാനാണ്.കാടിന്റെ മർമരവും കിളികളുടെ കൂചനവും കേട്ട്, ഇല പൊഴിയുന്ന ശബ്ദം പോലും കാതോർത്തു ഈ കാട്ടിലൂടെ എത്രയോ തവണ ഞാൻ നടന്നിട്ടുണ്ട്…… അലൗകികമായ ഒരു ലോകത്തിലെന്നപോലെ…..
തട്ടേക്കാട് വനത്തിൽ സുലഭമാണെങ്കിലും മലയാണ്ണാനെ ഇത് വരെ അടുത്ത് കിട്ടിയിരുന്നില്ല. കാട്ടിൽ പതുങ്ങി നടക്കവേ, തലക്ക് മുകളിൽ ഒരു കശുവണ്ടി മരത്തിന്റെ തോൽ ആവേശത്തോടെ പൊളിച്ചെടുക്കുന്ന വിരുതനെ കണ്ടു. നല്ല വിശപ്പുണ്ടായിരുന്നു എന്ന് തോന്നുന്നു. എന്നെ ഒട്ടും ശ്രദ്ധിക്കാതെ തീറ്റ തുടർന്ന് കൊണ്ടേയിരുന്നു. വളരെ അടുത്ത് നിന്നുള്ള മനോഹരമായ ഒട്ടേറെ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞു. മണിക്കൂറുകളുടെ അലച്ചിലിന് ശേഷം നിറഞ്ഞു നിൽക്കുന്ന പെരിയാറിൽ നന്നായൊന്നു മുങ്ങിക്കുളിച്ചാണ് തട്ടേക്കാട് വിട്ടത്.