ഹലാൽ ലവ്സ്റ്റോറി കണ്ടിട്ടില്ല, അത്കൊണ്ട് സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. പക്ഷെ, സിനിമയെന്ന മാധ്യമത്തെ മുസ്ലിം സമുദായം എങ്ങനൊയൊക്കെ പടിക്ക് പുറത്ത് നിർത്തി നിരുത്സാഹ പ്പെടുത്തി എന്നത് വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണ്. കലാ സാംസ്കാരിക മേഖലകളിൽ മുസ്ലിം സമുദായം പിൻതള്ളപ്പെട്ടു പോയതിന്റെ മുഖ്യ പ്രതികൾ മുസ്ലിം മത സംഘടനകൾ തന്നെയാണ്. പൗരോഹിത്യം എല്ലാ കലാ ആവിഷ്കാരങ്ങളെയും ഹറാമാക്കി തള്ളിയപ്പോൾ പുരോഗമന പക്ഷക്കാർ എന്ന് വാദിക്കുന്ന സലഫികളും ജമാഅത്ത്കാരും ആ രംഗത്തു അറച്ചു തന്നെ നിന്നു. പഴയകാല സിമി പ്രവ്രർത്തകർ വളരെക്കാലം മുമ്പ് തന്നെ ഈ രംഗത്ത് ചില ശ്രമങ്ങൾ നടത്തിയിരുന്നു. പിന്നീട് SIO പ്രവർത്തകരും ജമാഅത്തും തനിമ പോലുള്ള വേദികളിലൂടെ ചില ശ്രമങ്ങൾ നടത്തി. മുസ്ലിം പശ്ചാത്തലമുള്ള ആദ്യ കാല ഹോം സിനിമകൾ അതിന്റ ഉദാഹരണങ്ങളാണ്.
കാലം ഏറെ മുന്നോട്ട് പോയി. പൗരോഹിത്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല. അന്തംകെട്ട അക്ഷരവാദ സലഫികൾ ഇന്നും ഈച്ചയുടെ രണ്ടാമത്തെ ചിറകിന്റെ ഔഷധ ഗുണത്തെകുറിച്ചും തട്ടിൻപുറത്തെ ജിന്നിനെകുറിച്ചുമൊക്കെ തർക്കിച്ചു കാലം പോക്കു ന്നു. അതിനിടക്ക് അപൂർവം സകരിയ്യമാർ ധീരമായ ശ്രമങ്ങൾ നടത്തുന്നു എന്നത് വലിയ പ്രതീക്ഷകൾ നൽകുന്നു എന്ന് പറയാതെ വയ്യ.
ഇസ്ലാമിന്റെ പുഷ്കല കാലത്ത് കലാ, സാംസ്കാരിക, ശാസ്ത്രീയ മേഖലകളിൽ അസൂയാർവാഹമായ സംഭാവനകൾ നൽകിയ പ്രതിഭകൾക്കൊന്നും അക്കാലത്തെ മുഖ്യധാരാ മത നേതൃത്വത്തിന്റെ ഗുഡ് സർട്ടിഫികറ്റ് ഉണ്ടായിരുന്നില്ല.
അബ്ബാസിയ കാലഘട്ടത്തിലെ ആ മഹാ പ്രതിഭകളിൽ അധിക പേരും മുഖ്യധാരാ മതം പിഴച്ചവർ എന്ന് എഴുതിത്തള്ളിയ മുഅ തസില(യുക്തി ചിന്തയെയും സ്വതന്ത്ര ചിന്തയെയും പിൻതുണച്ചവർ) വിഭാഗക്കാർ ആയിരുന്നു എന്നതാണ് സത്യം. പക്ഷെ ഇന്നും മുസ്ലിം ലോകം അഭിമാനം കൊള്ളുന്നത് ആ പ്രതിഭകളുടെ പേരിലാണ്.
പുതിയ സകരിയ്യമാർ ഉണ്ടാവട്ടെ. സുഡാനികളും ലവ്സ്റ്റോറികളും ഇനിയും ഉണ്ടാവട്ടെ. കാലം നിങ്ങളെ അടയാളപ്പെടുത്തും, തീർച്ച.