ഇസ്ലാമോഫോബിയ ഇന്നത്തെപോലെ സുലഭമായി മാർകറ്റിൽ കിട്ടിത്തുടങ്ങിയിട്ടില്ലാത്ത കാലത്താണ് പ്രമാദമായ ISRO ചാരക്കേസ് അരങ്ങേറിയത്, 1994ൽ.
ശൂന്യതയിൽനിന്നു അത്തരമൊരു ക്രൈം ത്രില്ലർ പടച്ചുണ്ടാക്കിയ കേരള പോലീസിലേയും ഇന്റലിജൻസ് ബ്യുറോയിലെയും ഭാവനാ സമ്പന്നരായ കഥാകൃത്തുകളെകുറിച്ച് കേസിൽ പ്രതിചേർക്കപെട്ട മുൻ ISRO സയന്റിസ്ററ് നമ്പി നാരായണൻ തന്റെ ‘ഓർമ്മകളുടെ ഭ്രമണപഥം’ എന്ന പുസ്തകത്തിൽ സവിസ്തരം വിശദീകരിക്കുന്നുണ്ട്. താൻ സങ്കല്പത്തിൽപോലും കണ്ടിട്ടില്ലാത്ത കുറ്റങ്ങളുടെ പേരിൽ ക്രൂരമായ പീഢനം ഏറ്റുവാങ്ങി അപമാനിതനായ അദ്ദേഹം ആ സത്യങ്ങൾ വിളിച്ചു പറയാൻ ജീവനോടെ ബാക്കിയായത് വിധിയുടെ നിശ്ചയമാവാം.
നീതി സ്വപ്നത്തിൽ പോലും കാണാൻ കഴിയാതെ ഇരുൾ മുറ്റിയ നിമിഷത്തിൽ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ച അദ്ദേഹം ആത്മഹത്യയുടെ മുനമ്പിൽനിന്നു ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയായിരുന്നു.
ഒട്ടേറെ സ്തോഭജനകമായ വിവരങ്ങളടങ്ങിയ ആ പുസ്തകത്തിൽ, പോലീസിലും ഇന്റലിൻസ് ബ്യുറോയിലും നില്നില്ക്കുന്ന മുസ്ലിം വിരോധത്തിന്റെ ആഴം വ്യക്തമാക്കുന്ന രംഗങ്ങൾ വിശദീകരിക്കുന്നുണ്ട്. ഏത് ആടിനെയും പേപ്പട്ടിയാക്കാൻ പരിശീലനം നേടിയ ഇത്തരം ഉദ്യോഗസ്ഥരുടെ നെറികേട് കാരണം ചവച്ചരക്കപ്പെട്ട ജീവിതങ്ങൾ ഇന്നു ഒരു പുതുമയല്ല. അലനും താഹയും അപൂർവ്വാനന്ദും ഹാനി ബാബുവുമൊക്കെ അതിലെ പുതിയ കണ്ണികൾ മാത്രം. ഇങ്ങനെ കണ്ണികളാക്കപ്പെട്ട നിസ്സഹായരായ നൂറുകണക്കിന് മുസ്ലിം, ദളിത് യുവാക്കൾ ഇന്ത്യയിലെ വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്. നീതി ഒരു മരീചികയായി പോലും കാണാൻ ഭാഗ്യമില്ലാത്ത മനുഷ്യർ.
ഒരു കുറ്റവും ചെയ്തിട്ടില്ലെന്നു ആണയിട്ടു പറഞ്ഞിട്ടും വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന ഉദ്യോഗസ്ഥർ, നമ്പി നാരായണനോട് പീഢനങ്ങ കളിൽനിന്ന് രക്ഷപ്പെടാനുള്ള കുറിക്കു വഴി ഉപദേശിച്ചു…. നിങ്ങളുടെ മുസ്ലിം സുഹൃത്തുക്കളെ ചൂണ്ടിക്കാണിച്ചു തരിക!
നമ്പി തന്റെ പ്രിയങ്കരനായ സുഹൃത്തിന്റെ പേര് പറഞ്ഞു, എ പി ജെ അബ്ദുൽ കലാം! പക്ഷെ ആ പേര് ഉദ്യോഗസ്ഥർക്ക് സ്വീകാര്യമായില്ല. ഇന്ത്യാ മഹാരാജ്യത്ത് ദേശസ്നേഹത്തിന്റെ മെറിറ്റ് സർട്ടിഫിക്കറ്റുള്ള ഒരേ ഒരു മുസ്ലിം പേര് കലാം സാറിന്റേതാണ് എന്ന് പാവം നമ്പി അറിഞ്ഞിരുന്നില്ല. ഓർമയിൽ ചികഞ്ഞു കുറെ മുസ്ലിം പേരുകൾ പിന്നീടദ്ദേഹം പറഞ്ഞു. ആവേശപൂർവ്വം അതൊക്കെ എഴുതിയെടുത്ത ഉദ്യോഗസ്ഥർ പിന്നീട് ആ പാവം മനുഷ്യരുടെയെല്ലാം വാതിലുകളിൽ ചെന്ന് മുട്ടിവിളിച്ചു. പക്ഷെ ഒരു ചാരനെയും കണ്ടെത്താനായില്ലെന്ന് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
തന്റെ ജീവിതം തകർത്ത ചാരക്കേസിന്റെ പിന്നാമ്പുറങ്ങൾ അന്വേഷിച്ചുപോയ നമ്പി ചെന്നെത്തിയത് അമേരിക്കൻ ചാര സംഘടനായ സി ഐ എ ക്ക് വേണ്ടി ഇന്ത്യയുടെ രഹസ്യങ്ങൾ ചോർത്തിയതിന് പിടിയിലായ ഐ ബിയിലെ ഉന്നത ഉദ്യോഗസ്ഥനായ രത്തൻ സെഗാളിലാണ്. ഐ ബിയുടെ ഡയരക്ടർ ആകാൻ സീനിയോറിറ്റി ഉണ്ടായിരുന്ന ഇയാളെ ഐ ബി തന്നെ രക്ഷപ്പെടുത്തി കേസ് പിന്നീട് ഒതുക്കി തീർത്തു.
അക്കാലത്തു ഐ എസ് ഐ ഏജന്റ് എന്ന് മുദ്ര കുത്തി ഉത്തർപ്രദേശിൽനിന്നു ഒരു മൗലവിയെ അറസ്റ്റു ചെയ്തു ‘മിടുക്കു’ തെളിയിച്ച മറ്റൊരു ഉദ്യോഗസ്ഥനെയും പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്. മൗലവിയെ നിരപരാധിയെന്ന് തെളിഞ്ഞതിനെത്തുടർന്നു പിന്നീട് വിട്ടയച്ചു. റിട്ടയർമെന്റ് കഴിഞ്ഞു ജോലിയിൽ ഒരു എക്സ്റ്റൻഷൻ നേടിയെടുക്കാനാണ് എം കെ ധർ എന്ന ഈ ഉദ്യോഗസ്ഥൻ മൗലവിയെ ചാരനാക്കിയത്!
നടക്കാതെ പോയ ആ മോഹത്തിന്റെ പിന്നത്തെ ഇരയായിരുന്നു നമ്പി നാരായണൻ.
ഇന്ന് ഇതൊന്നും പുതുമയുള്ള വാർത്തയല്ല. മുസ്ലിം തീവ്രവാദികളും ഐ എസ് ഐ ചാരന്മാരും, രാജ്യദ്രോഹികളും, ഐ എസ് റിക്രൂട്മെന്റ് ഏജന്റുമാരും മാവോ വാദികളും, അർബൻ നക്സലുകളുമൊക്കെയായി ഉൾക്കൊള്ളാനാവാത്ത വിധം നമ്മുടെ ജയിലുകൾ വീർപ്പു മുട്ടുകയാണിന്ന്.
ഭരണകൂടത്തിന്റെ മുഷ്കിനും എതിരാളികളുടെ സാമർഥ്യത്തിനും മുമ്പിൽ തോറ്റുപോയ ഈ മനുഷ്യർക്കൊക്കെ എവിടെ നിന്നാണ് നീതി ലഭിക്കുക? നീതിപീഠങ്ങൾ പോലും പീലാത്തോസിന്റെ ഭാഗം അഭിനയിക്കുന്ന ഇക്കാലത്തു എവിടെയാണ് പ്രതീക്ഷയുടെ തുരുത്ത്? ഒറ്റ ഉത്തരമേയുള്ളൂ, ദൈവത്തിന്റെ കോടതിയിൽ.
ചാരക്കേസ് കെട്ടടങ്ങി വർഷങ്ങൾക്ക് ശേഷം അന്ന് രാഷ്ട്രപതിയായിരുന്ന കലാമിനെ നമ്പിനാരായണൻ വീണ്ടും കണ്ടു. തന്റെ പഴയ സുഹൃത്തിനെ ചേർത്ത് പിടിച്ചുകൊണ്ട് കലാം പറഞ്ഞു, “പ്രിയ സുഹൃത്തേ…ദൈവമുണ്ടാവും നിങ്ങൾക്കൊപ്പം.”