മുസ്ലിമായ ഏത് മനുഷ്യന്റെയും ജന്മ സാഫല്യങ്ങളിലൊന്നാണ് വിശുദ്ധ മക്കയിൽ പോയി ഹജ്ജ് ചെയ്യാൻ കഴിയുക എന്നത്. കഅബ പണിതുയർത്തിയ ശേഷം പ്രവാചകൻ ഇബ്രാഹിമിനോട് അള്ളാഹു ഇങ്ങനെ കല്പിച്ചു, “ജനത്തിനിടയിൽ തീർത്ഥാടനം നീ വിളംബരം ചെയ്യുക. നടന്നും, വിദൂരമായ മലമ്പാതകൾ താണ്ടിവരുന്ന ക്ഷീണിച്ച ഒട്ടകങ്ങളുടെ പുറത്തേറിയും അവർ നിന്റെയടുത്തു വരും”. (വി ഖു 22:27)
പിന്നീടങ്ങോട്ട്, നൂറ്റാണ്ടുകളായി നിലക്കാത്ത മനുഷ്യ പ്രവാഹമായിരുന്നു വിശുദ്ധ ഭൂമിയിലേക്ക്. പക്ഷെ കൊറോണ വൈറസ് ആ ഒഴുക്കിനെ തൽക്കാലത്തേക്കെങ്കിലും തടഞ്ഞു നിർത്തിയിരിക്കുന്നു. സൗദി അറേബ്യയിലുള്ള വളരെ കുറച്ചു പേർക്ക് മാത്രമേ ഇത്തവണ ഹജ്ജ് ചെയ്യാനുള്ള അനുവാദമുള്ളൂ.
പക്ഷെ, ചരിത്രത്തിൽ ഇതാദ്യമായല്ല ഹജ്ജ് തടസ്സപ്പെടുന്നത്. യുദ്ധം, മഹാമാരികൾ, രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ഇതിന് മുമ്പും പലതവണ പൂർണ്ണമായോ ഭാഗികമായോ ഹജ്ജ് തടസപ്പെട്ടിട്ടുണ്ട്. പക്ഷെ 1932ൽ സൗദി ഭരണകൂടം നിലവിൽ വന്ന ശേഷം ഇത്ര വലിയ തോതിലുള്ള നിരോധനം ഇതാദ്യമാണ്.
AD 930ൽ കർമാത്തിയൻ ഗോത്ര നേതാവായിരുന്ന അബു താഹിർ അൽ ജന്നബി മക്ക ആക്രമിച്ച സമയത്താണ് ആദ്യമായി ഹജ്ജ് പൂർണ്ണമായി തടസ്സപ്പെട്ടത്. ഇന്നത്തെ ബഹ്റൈൻ ഉൾകൊള്ളുന്ന പ്രദേശമായിരുന്നു കർമാ ത്തിയന്മാരുടെ കേന്ദ്രം. ഇസ്മായിലി ഷിയാ വിഭാഗക്കാരായിരുന്ന ഇവർ ഹജ്ജ് ഇസ്ലാമിന് മുമ്പ് നിലനിന്നിരുന്ന ഗോത്ര ആചാരമാണ് എന്ന കാരണം പറഞ്ഞാണ് മക്ക ആക്രമിച്ചത്. ഹജ്ജിന്റെ ചരിത്രത്തിലെ ഏറ്റവും രക്ത പങ്കിലമായ അധ്യായമായിരുന്നു ഇത്.
30,000ത്തോളം ഹജ്ജ് തീർത്ഥാടകരാണ് അന്ന് കൊല്ലപ്പെട്ടത്. മനുഷ്യ കബന്ധങ്ങൾകൊണ്ട് സംസം കിണറുപോലും മലിനമാക്കപ്പെട്ടു. ഹജറുൽ അസ്വദ് കൊള്ളയടിച്ചു കൊണ്ട്പോവുകയും ചെയ്തു. 20 വര്ഷങ്ങൾക്ക് ശേഷം അബ്ബാസിയ ഭരണകൂടമാണ് അത് പിന്നീട് വീണ്ടെടുത്തത്. അബ്ബാസിയ-ഫാഥിമിഡ് രാജാക്കന്മാർ തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം എട്ടു വർഷത്തോളം ഹജ്ജ് തടസ്സപ്പെട്ടു. AD 991ലാണ് ഈ തർക്കങ്ങൾ അവസാനിച്ചത്.
മഹാമാരി കാരണം ആദ്യമായി ഹജ്ജ് തടസ്സപ്പെട്ടത് AD 967ലെ പ്ളേഗ് കാരണമാണ്. പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും പലപ്പോഴായി പടർന്നു പിടിച്ച കോളറ കാരണവും ഹജ്ജിന് തടസ്സം നേരിട്ടിട്ടുണ്ട്.
1979ൽ സൗദി ഭരണകൂടത്തെ എതിർക്കുന്ന 500 പേരടങ്ങുന്ന സായുധ സംഘം വിശുദ്ധ ഹറം കയ്യേറിയപ്പോഴും രണ്ടാഴ്ചയോളം അവിടെ ആരാധന തടസ്സപ്പെട്ടു.
മുൻ സൗദി പട്ടാളക്കാരനായിരുന്ന ജുഹയ്മൻ ഇബ്നു മുഹമ്മദ് ഇബ്നു സൈഫ് അൽ ഒതൈബിയുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നത്. ഫ്രഞ്ച് പട്ടാളത്തിന്റെ സഹായത്തോടെ സൗദി ഭരണകൂടം അക്രമികളെ തുരത്തി ഹറം മോചിപ്പിക്കുകയാണുണ്ടായത്.
പകർച്ചവ്യാധികൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽനിന്നുള്ള തീർത്ഥാടകർക്ക് സുരക്ഷാ കാരണങ്ങളാൽ പലപ്പോഴും വിലക്ക് ഏർപ്പെടുത്താറുണ്ട്.
എന്നാൽ ലോകത്തെ മുഴുവൻ രാജ്യങ്ങളെയും ഒരു മഹാമാരി ഇങ്ങനെ കീഴ്പെടുത്തുന്നത് ചരിത്രത്തിൽ തന്നെ ആദ്യമാണ്. അത് കൊണ്ട് ഹജ്ജ് പൂർണ്ണമായി വിളക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല. മനുഷ്യ ജീവനേക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലല്ലോ.
മഹാമാരി കാരണം മരണപ്പെട്ട ലോകത്തിലെ മുഴുവൻ മനുഷ്യർക്കും വേണ്ടി ഈ പുണ്യ ദിനങ്ങളിൽ നമുക്ക് പ്രാർത്ഥിക്കാം. എല്ലാ വിലക്കുകളും നീങ്ങി അടുത്ത വർഷം വിശ്വാസികൾക്ക് ഹജ്ജ് നിർവഹിക്കാനുള്ള അവസരം ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങൾ നിരാശപ്പെടരുത് എന്നാണല്ലോ ഖുർആനിന്റെ പാഠം.